ചേര്‍ത്തല: വയലാറില്‍ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. അരൂക്കുറ്റി വടുതല സ്വദേശി അബ്ദുള്‍ ഗഫാറാണ്(48) അറസ്റ്റിലായത്. ഇയാള്‍ എസ്.ഡി.പി.ഐ. വടുതല ബ്രാഞ്ച് ഭാരവാഹിയാണെന്ന് അന്വേഷണച്ചുമതലയുള്ള ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ്പിള്ള പറഞ്ഞു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ആദ്യം അറസ്റ്റുചെയ്തു റിമാന്‍ഡിലായ എട്ടുപ്രതികളെ ചൊവ്വാഴ്ച പോലീസിനു കസ്റ്റഡിയില്‍ ലഭിച്ചു.

വിശദ ചോദ്യംചെയ്യല്‍ നടത്തി മറ്റുപ്രതികളെ കണ്ടെത്തുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും തെളിവെടുപ്പിനുമായാണു കസ്റ്റഡിയില്‍ വാങ്ങിയത്. അടുത്ത എട്ടുവരെയാണ് കസ്റ്റഡി കാലാവധി. പോലീസ് കേസ് പ്രകാരം ഇനി 16 പേരെക്കൂടിയാണു പിടികൂടാനുള്ളത്. ഡിവൈ.എസ്.പി. വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള ഇരുപതംഗങ്ങളാണ് വിവിധസംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നത്.