കൊഴിഞ്ഞാമ്പാറ(പാലക്കാട്): ആര്‍.എസ്.എസ്.-എസ്.ഡി.പി.ഐ. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ റിമാന്‍ഡില്‍. പാറ, എലപ്പുള്ളി സ്വദേശികളായ എസ്. സുദര്‍ശന്‍ (20), ഇരട്ടക്കുളം ഉപ്പുത്തോട് എസ്. വിജയകുമാര്‍ (20), എലപ്പുള്ളി നോമ്പിക്കോട് എസ്. ശ്രീജിത്ത് (20), എലപ്പുള്ളി പട്ടത്തലച്ചി ആര്‍. ഷൈജു (21), മുട്ടിമാമ്പള്ളം അമ്പാട്ടുകളം കെ. അജിത്ത് (20) എന്നിവരാണ് റിമാന്‍ഡിലായത്.

തിങ്കളാഴ്ച വൈകീട്ട് 6.30-ന് ഇരട്ടക്കുളത്തായിരുന്നു സംഘര്‍ഷം. രണ്ട് ബൈക്കുകളിലായെത്തിയ സംഘം എസ്.ഡി.പി.ഐ. മലമ്പുഴമണ്ഡലം സെക്രട്ടറി പട്ടത്തലച്ചി ലാന്‍ഡ്ലിങ്ക് കോളനിയില്‍ സക്കീര്‍ഹുസൈനെ (28) വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകീട്ട് ആറിന് അറസ്റ്റ് ചെയ്ത പ്രതികളെ ബുധനാഴ്ച ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.

കഴിഞ്ഞവര്‍ഷം പട്ടത്തലച്ചിയില്‍ ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിയ കേസിലെ പ്രതിയാണ് സക്കീര്‍ഹുസൈന്‍. ഈ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.