ശ്രീനഗര്‍: കശ്മീരില്‍ ആര്‍എസ്എസ് നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസില്‍ ഹിസ്ബുള്‍ ഭീകരനെ പോലീസ് പിടികൂടി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റുസ്തം അലിയെയാണ് കിഷ്ത്വാറിലെ ഹഞ്ചാലയില്‍നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ആര്‍എസ്എസ് നേതാവായ ചന്ദര്‍കാന്ത് ശര്‍മ്മയെയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുസ്തം അലി. നേരത്തെ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇയാളുടെ പേരുണ്ടായിരുന്നു. 2019 ഏപ്രിലിലായിരുന്നു കൊലപാതകം. 

2018 ല്‍ ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറിനെ വധിച്ച കേസിലും 2019 ല്‍ ആര്‍എസ്എസ് നേതാവിനെ വധിച്ച കേസിലും മൂന്ന് ഹിസ്ബുള്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മറ്റൊരു പ്രതിയെ എന്‍ഐഎ സംഘവും പിടികൂടിയത്. 

Content Highlights: rss leader murder case; hizbul terrorist caught in kashmir