പാലക്കാട് : കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കോട്ടയത്ത് പിടിയിലായതായി സൂചന. ഒളിത്താവളമൊരുക്കിയ ആളടക്കം മൂന്നുപേർ കോട്ടയം മുണ്ടക്കയത്ത് പിടിയിലായെന്നും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. പോലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

ഇതിൽ ഒരു ബേക്കറിയിൽ നാലുമാസംമുമ്പ് ജോലിക്കെത്തിയ ആളുമുണ്ട്. ബേക്കറി ജീവനക്കാർക്കായി ഉടമ വാടകയ്ക്കെടുത്തുനൽകിയ മുറിയിൽ കൊലപാതകവുമായി ബന്ധപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കിയെന്നാണ് കരുതുന്നത്.

കേസ് അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 34-അംഗ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു സംഘം കഴിഞ്ഞ കുറച്ചുദിവസമായി കോട്ടയത്ത് മൂവരെയും നിരീക്ഷിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാനകേസുകളിൽ അറസ്റ്റിലായവരെയും സംശയിക്കപ്പെടുന്നവരെയും ചോദ്യംചെയ്തുമാണ് ഇവരിലെത്തിയതെന്നാണ് സൂചന. കൂടുതൽപ്പേരുണ്ടോ എന്നറിയാനും വ്യക്തമായ തെളിവുകൾ ശേഖരിക്കാനും പോലീസ് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.

കേസ് ദുർബലമാവാതിരിക്കാൻ വിശദമായ തെളിവുശേഖരണത്തിനു ശേഷം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണം നടക്കുന്നത്. താമസിയാതെ കേസിൽ നിർണായക നടപടിയുണ്ടാകും. സഞ്ജിത്തിന്റെ കൊലപാതകത്തിനു ശേഷം പാലക്കാട്-തൃശ്ശൂർ ദേശീയപാതയയിൽ കണ്ണനൂർ ഭാഗത്തുനിന്നും രക്തക്കറ പുരണ്ട ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടവയാണോ എന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ, ഇക്കാര്യം ഉറപ്പിച്ചിട്ടുമില്ല. സംഭവത്തിനുപിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് ബി.ജെ.പി. ആരോപിക്കുന്നുണ്ടെങ്കിലും ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിരിക്കുകയാണ്.

നവംബർ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടിൽനിന്ന് അല്പമകലെയായി മമ്പറത്ത് ഒരുസംഘം ആളുകൾ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. 15 വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.