മഞ്ചേരി: മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ 2,000 നോട്ടുകളുമായി കുഴല്‍പ്പണസംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിലായി. മാര്യാട് പുലിക്കുത്ത് മന്‍സൂര്‍ അലി(29), മാര്യാട് മുട്ടേങ്ങാടന്‍ മുഹമ്മദ് ഷഹീദ് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
 
രഹസ്യവിവരത്തെ തുടര്‍ന്നാണ് കാറില്‍ കടത്തുകയായിരുന്ന പണം നെല്ലിപ്പറമ്പില്‍ പിടികൂടിയത്. ആദ്യം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഡോര്‍പാഡ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നോട്ടുകള്‍ കണ്ടെത്തിയത്. 2,000 നോട്ടിറങ്ങിയശേഷം സംസ്ഥാനത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ കുഴല്‍പ്പണവേട്ടയാണിത്.

പിടികൂടിയവരെ ചോദ്യംചെയ്തതില്‍ മൈസൂര്‍, ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു. പ്രതികള്‍ പിടിയിലായതോടെ ഇവരില്‍നിന്ന് പണം ഏറ്റുവാങ്ങാന്‍ വരുമെന്നറിയിച്ച ആള്‍ മുങ്ങി. മഞ്ചേരി, പൂക്കോട്ടൂര്‍, മോങ്ങം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പ്പണമാഫിയ പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് കുഴല്‍പ്പണമായി കടത്തുകയായിരുന്ന അരക്കോടി രൂപ മഞ്ചേരി പോലീസ് പിടികൂടി. തിരൂരില്‍ നിന്ന് 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവും കണ്ടെത്തിയിരുന്നു.

പിടിയിലായവര്‍ മുന്‍പ് നടത്തിയ ഇടപാടുകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇത്രയും 2,000 രൂപാ നോട്ടുകള്‍ ലഭിക്കുന്ന ഉറവിടവും പരിശോധിക്കുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.ഡിവൈ.എസ്.പി. പി.എം. പ്രദീപ്, സി.ഐ. കെ.എം. ബിജു, എസ്.ഐ. കൈലാസ് നാഥ്, എ.എസ്.ഐ. മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.