അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തില്‍ എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. കെ.എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് കൊള്ള നടന്നത്. 

എ.ടി.എമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകളിലേക്ക് എന്തോ ദ്രാവകം തളിച്ചതിനാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. 

ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം അറിഞ്ഞതിനു പിന്നാലെ ബാങ്ക് ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദര്‍ശിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

content highlights: Rs 17 lakh stolen from ATM in Andhra