ശ്രീകൃഷ്ണപുരം: കോട്ടപ്പുറത്ത് മുഖംമൂടിയണിഞ്ഞെത്തിയ നാലംഗ സംഘം കവര്‍ച്ചനടത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദമ്പതിമാരെ ആക്രമിച്ച് മൂന്നരപ്പവനും 1,200 രൂപയും കവര്‍ന്നത്.

കോട്ടപ്പുറം കാവിന് സമീപത്തെ നരയങ്ങാട്ടില്‍ ഹരിദാസന്‍, ഭാര്യ അജിത എന്നിവരെ ആക്രമിച്ചാണ് സ്വര്‍ണമാലയും പണവും തട്ടിയെടുത്തത്.

വെട്ടുകത്തികൊണ്ടുള്ള വെട്ട് തടയുന്നതിനിടെ ഹരിദാസന് കൈയ്ക്ക് വെട്ടേറ്റു. അജിതയ്ക്കും തലയ്ക്ക് നിസ്സാര പരിക്കേറ്റു. ഹരിദാസനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികള്‍ക്കും പരിക്കൊന്നുമില്ല.

പുലര്‍ച്ചെ രണ്ടിനും രണ്ടരയ്ക്കുമിടെയാണ് സംഭവം. അടുക്കള വാതിലുകള്‍ തുറന്നായിരുന്നു അകത്തുകയറിയത്. ഭക്ഷണം ചോദിച്ചായിരുന്നു അക്രമികളുടെ വരവ്. ഫ്രിഡ്ജും പാത്രങ്ങളും തുറന്നുനോക്കി. ബാങ്കില്‍നിന്ന് കഴിഞ്ഞദിവസം കൊണ്ടുവന്ന പണമിരിപ്പുണ്ടെന്നും അത് തരണമെന്നും ആവശ്യപ്പെട്ടു. കിട്ടാഞ്ഞതിനെത്തുടര്‍ന്ന് അലമാരയില്‍നിന്ന് 1,200രൂപ അക്രമികള്‍ എടുത്തു.

അജിതയുടെ കഴുത്തിലെയും കാതിലെയും ആഭരണങ്ങളും ഊരിവാങ്ങി. കമ്മലുകള്‍ മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കള്‍ കൊണ്ടുപോയില്ല.
മേല്‍ക്കാതിന്റേതുള്‍പ്പെടെ രണ്ടുവീതം കമ്മലുകള്‍ ഉണ്ടായിരുന്നു.

ഹരിദാസനും അജിതയും മകള്‍ പാര്‍വതിയും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്. ആണ്‍മക്കളായ രഘുനാഥും ആകാശും ഹാളിലാണ് കിടന്നിരുന്നത്. അക്രമികളെക്കണ്ട് ഭയന്ന രഘുനാഥും ആകാശും പുതച്ചുമൂടിക്കിടന്നു.

ഹരിദാസന്റെ അച്ഛന്‍ ഗോപാലനും ഭാര്യ ജാനകിയും വിരുന്നുപോയതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. ഇലക്ട്രീഷ്യനാണ് ഹരിദാസന്‍. 

ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സുനീഷ്‌കുമാര്‍, എസ്.ഐ. കൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. പാലക്കാട്ടുനിന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.