കൊച്ചി: ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നും പിടിയിലായ അഞ്ചു പേരെയും തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 1.71 കോടി രൂപയുടെ കള്ളനോട്ടും പിടികൂടി.

ഉദയംപേരൂരിലെ വാടക വീട്ടില്‍ നിന്ന് മാര്‍ച്ച് ഇരുപത്തിയെട്ടിന് 1,80,000 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. കള്ളനോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്നും അഞ്ചു പേര്‍ പിടിയിലായത്. തൃശൂര്‍ സ്വദേശിയാ റഷീദാണ് കള്ളനോട്ട് എത്തിക്കാന്‍ ഇടനിലക്കാരനായി നിന്നത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കൂടി പിടികൂടിയത്. 

കോയമ്പത്തൂര്‍ സ്വദേശികളായ സയീദ് സുല്‍ത്താന്‍, അഷ്‌റഫ് അലി, അസറുദീന്‍, റിഷാദ് എന്നിവരാണ് മറ്റു നാലു പേര്‍. അസറുദീനും റിഷാദും പ്രിന്റു ചെയ്യുന്ന നോട്ടുകള്‍ സെയ്ദ് സുല്‍ത്താനും അഷറഫ് അലിയുമാണ് എത്തിച്ചു നല്‍കിയിരുന്നത്. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്ററും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉദയംപേരൂരിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകന്‍ പ്രിയന്‍ കുമാര്‍, ഇയാളുടെ ബന്ധു കരുനാഗപ്പള്ളി സ്വദേശി വാസുദേവന്‍, വാസുദേവന്റെ ഭാര്യ ധന്യ, ഇടനിലക്കാരന്‍ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസില്‍ ആദ്യം പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രിയന്‍കുമാറിന് കള്ളനോട്ട് ലഭിച്ചത്. ഒന്നര ലക്ഷം രൂപയ്ക്കുള്ള 500ന്റെ നോട്ടുകള്‍ നല്‍കി രണ്ടര ലക്ഷം രൂപയുടെ 2000 ന്റെ കള്ളനോട്ടുകള്‍ വാങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാര്‍ട്ടികള്‍ക്കും വിവാഹങ്ങള്‍ക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ സംഘം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.