ലഖ്നൗ: കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനായി കവർച്ച പതിവാക്കിയ നാലംഗ സംഘം പിടിയിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശികളായ കിങ് എന്ന് വിളിക്കുന്ന ഹരിഓം, മിന്റുകുമാർ, ശ്യാംസിങ്, തനൂജ് പണ്ഡിറ്റ് എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് ആഡംബര ബൈക്കുകളും 17 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും പോലീസ് പിടിച്ചെടുത്തു.

ബി.ടി.സി.(പ്രൈമറി അധ്യാപക പരിശീലന കോഴ്സ്) വിദ്യാർഥിയായ ഹരിഓം ആണ് സംഘത്തിന്റെ തലവൻ. ബാക്കിയുള്ളവർ എം.ബി.എ. വിദ്യാർഥിയും ജിംനേഷ്യം ഉടമയും അരിമില്ലിലെ ജീവനക്കാരനുമാണ്. എല്ലാവരും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞ ഒരു വർഷമായി അമ്പതിലേറെ കവർച്ചകൾ ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ യുവാക്കളെ പിടികൂടിയപ്പോഴാണ് കുടുംബാംഗങ്ങൾ പോലും ഇക്കാര്യമറിഞ്ഞത്.

പിലിഭിത്ത് സ്വദേശികളായ പ്രതികൾ ജില്ലാ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കവർച്ച നടത്താറുള്ളത്. സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുമെല്ലാം കവർന്ന് ആഡംബര ബൈക്കിൽ കടന്നുകളയുന്നതാണ് രീതി. കഴിഞ്ഞദിവസം ഷാജഹാൻപുരിൽ ഇത്തരത്തിൽ കവർച്ച നടത്തി മടങ്ങുന്നതിനിടെയാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. പിന്നാലെ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാമുകിമാർക്കൊപ്പം അടിച്ചുപൊളിക്കാനും അവർക്ക് വേണ്ട ചിലവിനുമാണ് കവർച്ച നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകളിലൊന്നും മോഷ്ടിച്ചതാണ്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ കൂടുതൽ മോഷണമുതലുകൾ വീണ്ടെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Content Highlights:robbery to meet girl friends expenses four arrested in uttar pradesh