കാഞ്ഞാര്‍(ഇടുക്കി): ജയിലില്‍വെച്ച് പരിചയപ്പെട്ട മോഷ്ടാക്കള്‍ വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ഒരുമിച്ച് യാത്രചെയ്യുന്നതിടെ കാഞ്ഞാറില്‍ പോലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ പട്രോളിങ്ങിനിടെയാണ് അറസ്റ്റ്.

വിവിധ മോഷണക്കേസുകളില്‍ പ്രതികളായ കുളമാവ് പോത്തുമറ്റം ചെറുകരപ്പറമ്പില്‍ ബെല്ലാരി രാജന്‍ (38), കോതമംഗലം നെല്ലിക്കുഴി പാറയില്‍ അന്‍സില്‍ (28), എറണാകുളം മംഗലത്തുനാട് വാരിക്കാട്ടില്‍ പങ്കന്‍ ഷിജു (38), കോതമംഗലം മലയിന്‍കീഴ് വേലമ്മാവ് കുടിയില്‍ ശ്യാമോന്‍ (33) എന്നിവരാണ് പിടിയിലായത്.

സംശയം തോന്നി പോലീസ് ഇവരുടെ കാര്‍ പരിശോധിക്കുകയായിരുന്നു. പേരുകള്‍ മാറ്റിപ്പറയുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തതോടെ പോലീസിന് സംശയം തോന്നി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യംചെയ്തപ്പോള്‍, മോഷണം ലക്ഷ്യമിട്ടാണ് എത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

ഒന്നാംപ്രതി ബെല്ലാരി രാജന്‍ രണ്ടാഴ്ച മുമ്പ് മൂലമറ്റം കെ.എസ്.ഇ.ബി. കോളനിയില്‍നിന്ന് ടെലിഫോണ്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്. കുളമാവ് പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. മറ്റുള്ളവര്‍, കുന്നത്തുനാട്, കറുപ്പുംപടി, കാലടി, കോതമംഗലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ചില കേസുകളില്‍ പ്രതികളാണ്.

വിവിധ കേസുകളിലായി മുന്‍പ് ഇവരെല്ലാം ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തെത്തിയ ശേഷം ഒരുമിച്ച് കവര്‍ച്ച നടത്താന്‍ അന്ന് തീരുമാനിച്ചിരുന്നു. മോഷണം ആസൂത്രണം ചെയ്യാന്‍ അറക്കുളത്ത് ഒത്തുചേരാന്‍ പോകുമ്പോഴാണ് അറസ്റ്റ്.