തിക്കോടി: ചിട്ടിപ്പണവുമായി രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍യാത്രക്കാരന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് അക്രമികള്‍ 1,80,000 രൂപ തട്ടിയെടുത്തു. മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴകുനി സത്യന്റെ (50) പണമാണ് തട്ടിയെടുത്തത്. തിക്കോടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍, പാലൂര്‍ ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെയിന്റിങ് തൊഴിലാളിയാണ് സത്യന്‍. ഇദ്ദേഹം നടത്തുന്ന ചിട്ടിയുടെ പണം അംഗങ്ങളില്‍നിന്നു ശേഖരിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനുസമീപം തെരുവുവിളക്കില്ലാത്ത സ്ഥലത്തുവെച്ച് മുളകുപൊടി കണ്ണിലെറിഞ്ഞാണ് ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ച രണ്ടുപേരില്‍ ഒരാള്‍ സത്യന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും മറ്റൊരാള്‍ അടിവസ്ത്രത്തിലെ കീശയില്‍ സൂക്ഷിച്ച പണം കവരുകയുമായിരുന്നു. ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന 5900 രൂപ ഇവര്‍ എടുത്തില്ല. പണം കവര്‍ന്നശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

കഴുത്ത് അമര്‍ത്തിപ്പിടിച്ചതു കാരണം കുറച്ചുസമയത്തേക്ക് ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തിക്കോടി റെയില്‍വേ ഗേറ്റുതുറന്ന് വാഹനങ്ങള്‍ വന്നപ്പോള്‍ ബൈക്ക് യാത്രക്കാരാണ് സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്.

അവശനായ സത്യനെ അടുത്തവീട്ടില്‍ കൊണ്ടുപോയി മുഖം കഴുകിച്ച് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പയ്യോളി പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പയ്യോളി പോലീസ് എസ്.ഐ.മാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ചന്ദ്രന്‍ എന്നിവര്‍ അന്വേഷണം ആരംഭിച്ചു.