ചെന്നൈ: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നു. സേലയൂരിന് സമീപമുള്ള കുറിഞ്ഞിനഗറിലാണ് പെണ്‍കുട്ടിയെ കെട്ടിയിട്ടതിന് ശേഷം ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ ചേര്‍ന്ന കവര്‍ച്ച നടത്തിയത്. ആശാരിപ്പണിക്കാരനായ രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ രവിയുടെ മകള്‍ പുഷ്പലത മാത്രമുള്ള സമയം എത്തിയ സ്ത്രീയും പുരുഷനും അകന്നബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണെന്നും അറിയിച്ചു.

ഇരുവരെയും സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തിയ പുഷ്പലത വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കൈകാലുകള്‍ കയര്‍ കൊണ്ട് കെട്ടിയിടുകയും വായില്‍ തുണിതിരുകുകയുമായിരുന്നു. പിന്നീട് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞു.