പത്തനംതിട്ട: പന്തളത്ത് പട്ടാപ്പകല്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കരയ്ക്കാട് ശാന്തകുമാരിയെ കെട്ടിയിട്ടാണ് രണ്ട് യുവാക്കള്‍ കവര്‍ച്ച നടത്തിയത്. ശാന്തകുമാരി അണിഞ്ഞിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയുമാണ് മോഷണം പോയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കള്‍ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാന്‍ കത്തിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് കത്തി എടുക്കാനായി ശാന്തകുമാരി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ യുവാക്കളും ഇവരെ പിന്തുടരുകയായിരുന്നു. വീട്ടിനുള്ളില്‍വെച്ച് യുവാക്കള്‍ ശാന്തകുമാരിയുടെ കൈകള്‍ തോര്‍ത്ത് കൊണ്ട് കെട്ടിയിട്ടു. വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു. 

കവര്‍ച്ചയ്ക്ക് ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയ യുവാക്കളോട് ശാന്തകുമാരി തന്നെയാണ് കൈകളിലെ കെട്ട് അഴിച്ചു തരാന്‍ അഭ്യര്‍ഥിച്ചത്. ഇവരുടെ അഭ്യര്‍ഥന സ്വീകരിച്ച മോഷ്ടാക്കള്‍ കെട്ട് അഴിച്ചിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നാലെ ശാന്തകുമാരി ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. 

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശാന്തകുമാരിയില്‍നിന്ന് വിശദമായ മൊഴിയും രേഖപ്പെടുത്തി. പ്രദേശവാസികളായ രണ്ടു പേരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇവരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

Content Highlights: robbery in pandalam police investigation is going on