തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49), കൊല്‍ക്കത്ത സ്വദേശി സുബൈര്‍ കുദാസി(47) എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.

എറണാകുളത്തേക്കുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം തുടക്കത്തിലാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍നിന്ന് 15 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയത്. ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി മൂന്നു സ്ത്രീകളെ ബോധരഹിതരാക്കിയായിരുന്നു മോഷണം. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ അഞ്ജലി, തമിഴ്നാട് സ്വദേശി കസല്യ എന്നിവരില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്.

തിരുവനന്തപുരത്തെത്തിയ തീവണ്ടിയില്‍ മൂന്നു സ്ത്രീകള്‍ ബോധരഹിതരായി കിടക്കുന്നതു കണ്ടെത്തിയതോടെയാണ് കവര്‍ച്ച പുറത്തറിഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഒരു വിവാഹത്തിനായാണ് വിജയലക്ഷ്മിയും മകളും എത്തിയത്. ഇവര്‍ക്ക് കായംകുളത്തും കൗസല്യക്ക് ആലുവയിലുമാണ് ഇറങ്ങേണ്ടിയിരുന്നത്.

റെയില്‍വേ സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തിയാണ് പ്രതികളെ കുടുക്കിയത്. എസ്.ഐ.മാരായ ഇലിയാസ് താഹ, സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ജിതിന്‍, സജീര്‍, ഹരി, സതീശന്‍, ഷംഷീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പിടിയിലായത് അടുത്ത കവര്‍ച്ചയ്ക്കുള്ള യാത്രയ്ക്കിടെ 

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിലായത് അടുത്ത കവര്‍ച്ചയ്ക്കുള്ള യാത്രയ്ക്കിടെ. നിസാമുദ്ദീന്‍-എറണാകുളം എക്‌സ്പ്രസില്‍ വച്ചാണ് റെയില്‍വേയുടെ അന്വേഷണസംഘം ഇവരെ കുടുക്കിയത്.

മോഷണത്തിനിരയായ സ്ത്രീകളെ പരിചയപ്പെട്ടപ്പോള്‍ കയാം എന്ന പേര് പ്രതികളിലൊരാള്‍ പറഞ്ഞിരുന്നു. നാഗര്‍കോവിലില്‍ രജിസ്റ്റര്‍ ചെയ്ത തീവണ്ടിയില്‍വച്ചുള്ള ഒരു തട്ടിപ്പ് കേസിലും കയാമിന്റെ പേരുണ്ടായിരുന്നു. അങ്ങനെയാണ് റെയില്‍വേയുടെ തിരുവനന്തപരം, പാലക്കാട് ഡിവിഷനുകളിലെ ഒരു പോലീസ് സംഘം കൊല്‍ക്കത്തയിലേക്കു പോയത്.

കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തിയ പോലീസ് സംഘം, മോഷ്ടാക്കള്‍ ഇവിടെയുള്ളതായി കണ്ടെത്തി. എന്നാല്‍, അടുത്ത ദിവസം ഇവര്‍ ആഗ്രയിലേക്കു പോയതായും കണ്ടെത്തി. തുടര്‍ന്ന് കൊല്‍ക്കത്തയില്‍നിന്നും ആഗ്രയില്‍നിന്നുമുള്ള തീവണ്ടികളിലെ റിസര്‍വേഷന്‍ പരിശോധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നാണ് മൂന്നു പേരും വീണ്ടും നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്കുചെയ്തത് കണ്ടെത്തിയത്.

ഇതോടെ പോലീസ് സംഘം കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലെത്തി നിസാമുദ്ദീനില്‍ കയറുകയായിരുന്നു. തീവണ്ടിയില്‍ വച്ച് ബംഗാള്‍ സ്വദേശികളായ ഷൗക്കത്ത് അലി, സുബൈര്‍, കയാം എന്നിവരെ പിടികൂടി തിരുവനന്തപുരത്ത് എത്തിച്ചു.

മഹാരാഷ്ട്രയിലെ കല്യാണില്‍വച്ചാണ് ഇവരെ പിടികൂടിയത്. ദക്ഷിണേന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്കുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസുകളാണ് ഇവര്‍ മോഷണത്തിനു തിരഞ്ഞെടുത്തിരുന്നത്. ദക്ഷിണേന്ത്യക്കാരാണ് സ്വര്‍ണവും പണവും അടക്കമുള്ളവ യാത്രയ്ക്കിടയില്‍ കൂടെ കൊണ്ടുവരുന്നതെന്ന് ഇവര്‍ പറയുന്നു. ഇതാണ് മോഷണം നടത്താനായി ദക്ഷിണേന്ത്യയിലേക്കുള്ള തീവണ്ടികള്‍ തിരഞ്ഞെടുക്കാന്‍ കാരണം.

ഇവര്‍ ഇതിനു മുന്‍പ് സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ സി.ഐ. അഭിലാഷ് ഡേവിഡ് പറഞ്ഞു.