തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് സൂചന. തീവണ്ടിയിലെ കോച്ചില്‍ ഇയാള്‍ യാത്രചെയ്തിരുന്നതായി കവര്‍ച്ചയ്ക്കിരയായ തിരുവല്ല സ്വദേശി വിജയലക്ഷ്മി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ചിത്രങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇതോടെയാണ് കഴിഞ്ഞദിവസത്തെ കവര്‍ച്ചയ്ക്ക് പിന്നിലും അക്‌സര്‍ ബാഗ്‌ഷെയാണെന്ന് പോലീസ് സംശയിക്കുന്നത്. 

തമിഴ്‌നാട്ടിലെ ഈറോഡ്, സേലം മേഖലകള്‍ കേന്ദ്രീകരിച്ച് തീവണ്ടികളില്‍ കവര്‍ച്ച പതിവാക്കിയ ആളാണ് അക്‌സര്‍ ബാഗ്‌ഷെ. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തുന്നതാണ് രീതി. നേരത്തെ ചില കേസുകളില്‍ ഇയാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 

അതിനിടെ, ഈറോഡില്‍നിന്നാണ് തങ്ങള്‍ ഭക്ഷണം വാങ്ങിച്ചതെന്ന് കവര്‍ച്ചയ്ക്കിരയായ വിജയലക്ഷ്മി പറഞ്ഞു. ഭക്ഷണം വാങ്ങി സീറ്റില്‍വെച്ച ശേഷം മകളോടൊപ്പം കൈ കഴുകാന്‍ പോയി. ഈ സമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്നു. കൈകഴുകി വന്നപ്പോള്‍ ഇയാളെ കണ്ടില്ലെന്നും കോയമ്പത്തൂരിനടുത്ത് വെച്ചാണ് മയങ്ങിപ്പോയതെന്നും ഇവര്‍ പറഞ്ഞു. ഏകദേശം 15 പവനിലേറെ സ്വര്‍ണവും രണ്ട് മൊബൈല്‍ഫോണുകളും നഷ്ടപ്പെട്ടെന്നാണ് വിജയലക്ഷ്മിയുടെ പരാതി. താനും മകളും ധരിച്ചിരുന്ന സ്വര്‍ണവും കിഴിയിലാക്കി സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. 

തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ അഞ്ജലി, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ കവര്‍ച്ചയ്ക്കിരയായത്. കൗസല്യയുടെ കമ്മലുകളും മൊബൈല്‍ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ഇവര്‍ തൊട്ടപ്പുറത്തെ കോച്ചിലായിരുന്നു. 

ഞായറാഴ്ച രാവിലെ ട്രെയിൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് കവര്‍ച്ച നടന്ന വിവരം പുറംലോകമറിയുന്നത്. ട്രെയിനിൽ മൂന്ന് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെ പോലീസും അധികൃതരും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ ബോധം വീണ്ടെടുത്തതോടെയാണ് കവര്‍ച്ച നടന്നെന്ന വിവരം സ്ഥിരീകരിച്ചത്. 

ഡല്‍ഹിയില്‍ താമസിക്കുന്ന വിജയലക്ഷ്മിയും മകളും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും കായംകുളം സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഡല്‍ഹിയില്‍നിന്ന് തീവണ്ടിയില്‍ കയറിയ കൗസല്യ ആലുവയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ച് മൂവരും ബോധരഹിതരാവുകയായിരുന്നു. 

Content Highlights: robbery in nizamudheen thiruvananthapuram express train police got details about the accused