മുംബൈ: കൊങ്കണ്‍ പാതയില്‍ തീവണ്ടികളില്‍ സ്ഥിരമായി കവര്‍ച്ചനടത്തുന്ന മലയാളിയുവാവിനെ റെയില്‍വേ സുരക്ഷാസംഘം പിടികൂടി. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ നിഖില്‍ കുമാര്‍(27) ആണ് ശനിയാഴ്ച കാര്‍വാറില്‍ പിടിയിലായത്.

ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടറും മലയാളിയുമായ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്. 2.20 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഇയാളുടെ പക്കലില്‍നിന്ന് കണ്ടെടുത്തു.

വെള്ളിയാഴ്ച ഉഡുപ്പിയില്‍നിന്ന് കല്യാണിലേക്ക് മംഗളാ എക്‌സ്പ്രസിലെ സെക്കന്‍ഡ് എ.സി. കമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്ത വൊണിത ദിവാകര്‍ ഷെട്ടിയുടെ ബാഗ് തട്ടിപ്പറിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങള്‍ തുടങ്ങുന്നത്. വണ്ടി മഡ്ഗാവ് സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു സംഭവം. ഷെട്ടിയുടെ പരാതി പ്രകാരം വിനോദ്കുമാര്‍ മഡ്ഗാവ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവാവ് വണ്ടിയില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളുടെ ചിത്രം ആര്‍.പി.എഫ്. സംഘത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. പിറ്റേന്ന് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പോയ നേത്രാവതി എക്‌സ്പ്രസില്‍ തിരിച്ചു യാത്രചെയ്തിരുന്ന ഇയാളെ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളാണ് തിരിച്ചറിഞ്ഞത്. ഒരുദിവസം ഗോവയില്‍ ചുറ്റിക്കറങ്ങിയശേഷം കേരളത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു നിഖില്‍. ഇയാള്‍ ധരിച്ച തൊപ്പിയാണ് തിരിച്ചറിയല്‍ എളുപ്പമാക്കിയതെന്ന് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഇതിന് മുമ്പും പലതവണ തീവണ്ടികളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കവര്‍ച്ചസംഘത്തില്‍പ്പെട്ട കണ്ണിയാണ് ഇയാളെന്നും പോലീസ് പറയുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി നിസാറിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: robbery in konkan trains malayali youth arrested