കലവൂർ: പെട്രോൾപമ്പിൽനിന്ന് ബാങ്കിൽ നിക്ഷേപിക്കാൻ സൈക്കിളിൽ കൊണ്ടുപോയ 13,65,000 രൂപ കവർന്നു. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷനുതെക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ബ്ലോക്ക് ജങ്ഷനടുത്തുള്ള നടേഷ് ഫ്യൂവൽസിലെ പണമാണു നഷ്ടപ്പെട്ടത്.

പമ്പിലെ ജീവനക്കാരനായ 67-കാരൻ പൊന്നപ്പൻ പണമടങ്ങിയ ബാഗ് സൈക്കിളിന്റെ കാരിയറിൽ വെച്ചുകൊണ്ടാണു പോയത്. യാത്രയ്ക്കിടെ, ബ്ലോക്ക് ജങ്ഷനുതെക്ക് വഴിയരികിൽ ബൈക്കുമായിനിന്ന രണ്ടുപേരിൽ ഒരാൾ നടന്നുവന്ന് സൈക്കിൾ നിർത്തിച്ചു. തുടർന്ന് ബാഗ് തട്ടിയെടുത്ത് ബൈക്കിൽ ഇരുവരും ചേർത്തല ഭാഗത്തേക്കു പോയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ദേശീയപാതയ്ക്കുപടിഞ്ഞാറുള്ള പമ്പിൽനിന്ന് 50 മീറ്റർ തെക്കുള്ള ബ്ലോക്ക് ജങ്ഷനിൽ എത്തിയാണ് റോഡുമുറിച്ചുകടന്ന് ഇദ്ദേഹം കലവൂരിലെ ബാങ്കിലേക്കുപോയത്. പെട്ടെന്നുണ്ടായ സംഭവത്തിൽ പകച്ചുപോയതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ സാധിച്ചില്ല. പണം കവർന്നവർ ജാക്കറ്റും ഹെൽമെറ്റും ധരിച്ചിരുന്നു. പൊന്നപ്പനെ ഉപദ്രവിച്ചില്ല. ശനി, ഞായർ ദിവസങ്ങളിലെ പണമാണു ബാങ്കിലേക്കുകൊണ്ടുപോയത്.

മണ്ണഞ്ചേരി എസ്.എച്ച്.ഒ. രവിസന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇരുചക്രവാഹനത്തിൽ രണ്ടുപേർ പത്തുമണിമുതൽ ഈ ഭാഗത്ത് കറങ്ങിയിരുന്നതായി പറയുന്നുണ്ട്. പമ്പിൽനിന്ന് ഇങ്ങനെ പണം കൊണ്ടുപോകുന്നുണ്ടെന്ന് അറിയാവുന്നവരാകാം പ്രതികളെന്നു സംശയിക്കുന്നു. സമീപത്തുനിന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിക്കുമോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.