അങ്കമാലി: അങ്കമാലി ബാങ്ക് ജങ്ഷന് സമീപമുള്ള ചെരിപ്പുകടയുടെ ഭിത്തി തുരന്നുകയറി 95,000 രൂപ കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചേര്‍ത്തല വാരണാട് കിഴക്കേതില്‍ വീട്ടില്‍ സനീഷി(31)നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. സില്‍ക്കോണ്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

arrestപിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് അകത്തുകയറിയത്. വൈദ്യുതിച്ചെലവ് ലാഭിക്കുന്നതിനായി കടയിലെ സി.സി. ടി.വി. ഓഫാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പണം സൂക്ഷിച്ചിരുന്ന മേശയുടെ താക്കോല്‍ മേശയ്ക്ക് മുകളില്‍വച്ചാണ് പോയത്. ഇത് അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. മോഷണ ദിവസം കട അടച്ചുവോയെന്ന് അന്വേഷിച്ച് സനീഷ് കാഷ്യറെ വിളിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.

തിങ്കളാഴ്ച ഷോറൂം തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ പിന്‍ഭാഗത്ത് നേരത്തെ എ.സി. സ്ഥാപിക്കുന്നതിനോ മറ്റോ ഉണ്ടാക്കിയ ദ്വാരം ഇഷ്ടികവച്ച് മൂടിയിരുന്നു. ഈ ഭാഗം പുറത്തുനിന്ന് സിമന്റ് പ്ലാസ്റ്ററിങ് നടത്തിയിരുന്നില്ല. ഇവിടത്തെ ഇഷ്ടിക തുരന്നുമാറ്റിയാണ് ഗോഡൗണിലേക്ക് കടന്നത്. ഷോറൂമിലേക്കുള്ള വാതില്‍ തിക്കിത്തുറന്ന് കാഷ് കൗണ്ടറിലെത്തി താക്കോല്‍ ഉപയോഗിച്ച് മേശ തുറന്ന് പണം എടുക്കുകയായിരുന്നു.

സനീഷിന്റെ കൈയ്ക്ക് ചെറിയ പൊട്ടലുമുണ്ടായിരുന്നു. വൈന്‍ ഉണ്ടാക്കാനായി ചാമ്പമരത്തില്‍ കയറിയപ്പോഴാണ് ഉരഞ്ഞതെന്ന മൊഴിയും സത്യമല്ലെന്ന് തെളിഞ്ഞു. ഇയാള്‍ക്ക് ലിന്റോ മാത്യുവെന്നും പേരുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് 43,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. സനീഷിന്റെ വാടകവീട്ടില്‍ ഒളിപ്പിച്ചിരുന്ന 13,500 രൂപയും കണ്ടെത്തി. ബാക്കി അക്കൗണ്ടില്‍ നിക്ഷേപിച്ചതായും അറിവായി. ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് സനീഷ് മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ്, എസ്.ഐ. പി.ജെ. നോബിള്‍, ഉദ്യോഗസ്ഥരായ ടി.എ. ഡേവിസ്, ജിസ്മോന്‍, റോണി പ്രസീന്‍, എം.എന്‍. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Content highlights: Crime news, Arrest, Police, Angamaly