കോയമ്പത്തൂര്‍: ഗണപതി മണിയക്കാരംപാളയം വേലവന്‍ നഗറിലെ ദിനകരന്റെ വീട്ടില്‍ മോഷണം. 131 പവന്‍ ആഭരണങ്ങള്‍ കാണാതായതായി പരാതി. ഇരുമ്പ് വ്യാപാരിയായ ദിനകരന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിനകത്തെ ലോക്കര്‍ തുറന്നുകിടക്കുന്നതായി കണ്ടത്. ഉടന്‍തന്നെ ശരവണംപട്ടി പോലീസില്‍ വിവരം അറിയിച്ചു.

ഞായറാഴ്ച വൈകീട്ടാണ് ഇദ്ദേഹം കുടുംബവുമായി തിരിച്ചെന്തൂരില്‍ പോയത്. ലോക്കറിലെ ആഭരണങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സഞ്ചിയിലെ 30 പവന്‍ ആഭരണം സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. വീടിന് മുന്‍വശത്തെ വാതില്‍ പൊളിക്കാതെ ഒന്നാംനിലയില്‍നിന്നാണ് കവര്‍ച്ചക്കാര്‍ അകത്തേക്ക് കടന്നത്.

വീടിന്റെ പിന്‍വശംവഴി അകത്തേക്കുകയറിയ കവര്‍ച്ചസംഘം സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചിരുന്നു. അതിനുശേഷമാണ് ഒന്നാംനിലയിലേക്ക് കയറിയത്.

വീട്ടിനകത്ത് മുഴുവന്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.