ആലത്തൂര്‍: ചിറ്റില്ലഞ്ചേരി സ്വദേശികളായ യുവാക്കളെ കോയമ്പത്തൂര്‍ പല്ലടത്തേക്ക് പെണ്ണുകാണാന്‍ വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ചിറ്റില്ലഞ്ചേരി സ്വദേശികളായ രാമകൃഷ്ണനും സുഹൃത്ത് പ്രവീണുമാണ് തട്ടിപ്പിനിരയായത്.

രാമകൃഷ്ണന്‍ വധുവിനെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ആഴ്ച പത്രപരസ്യം നല്‍കിയിരുന്നു. കോയമ്പത്തൂര്‍ പല്ലടത്ത് നിന്നും പരസ്യം കണ്ട് വിവരം അന്വേഷിക്കാനെന്ന രീതിയില്‍ ഒരാള്‍ വിളിച്ചു. ആലോചനയില്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണാന്‍ ക്ഷണിച്ചു.

ഏപ്രില്‍ ഒന്നിന് രാമകൃഷ്ണന്‍ പ്രവീണിനെയും കൂട്ടി കാറില്‍ പല്ലടത്തെത്തി. ഒരു വീട്ടില്‍ കൊണ്ടുപോയി ഇരുത്തിയശേഷം രണ്ടുപേര്‍ കൂടി എത്തി.

ഇവര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി ഇരുവരും പറയുന്നു. രാമകൃഷ്ണന്റെ അഞ്ച് പവന്‍ മാല, ഒരു പവന്‍ മോതിരം, പ്രവീണിന്റെ ഒരു പവന്‍ മോതിരം എന്നിവ ഊരിവാങ്ങി. എ.ടി.എം. കാര്‍ഡ് കൈവശപ്പെടുത്തി 40,000 രൂപ പിന്‍വലിച്ചു. ഇതിനുശേഷം ഇവരുടെ കാറില്‍ത്തന്നെ കയറ്റിവിട്ടതായി പരാതിയില്‍ പറയുന്നു.

പല്ലടം പോലീസില്‍ ഇരുവരും പരാതി നല്‍കിയെങ്കിലും തമിഴ്നാട് പോലീസ് നടപടി എടുത്തില്ലെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പോലീസ് കേസെടുത്തു.