ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരെ കത്തിമുനയിൽ നിർത്തി കവർച്ച. ബെംഗളൂരു ചിക്ക്പേട്ട് മെട്രോ സ്റ്റേഷന് സമീപത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് കാൽനട യാത്രക്കാരെ കൊള്ളയടിച്ചത്.

സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലെ ഡ്രൈവറാണ് കവർച്ചയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി. രൂപ ഐ.പി.എസും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

കറുത്ത വസ്ത്രം ധരിച്ച രണ്ട് യുവാക്കൾ ഒരു യാത്രക്കാരനെ കൊള്ളയടിക്കുന്നതാണ് വീഡിയോയിലെ ആദ്യ രംഗങ്ങൾ. പിന്നീട് സമീപത്തെ കടകൾക്കിടയിൽ യുവാക്കൾ മറഞ്ഞിരിക്കുന്നതും മറ്റൊരു കാൽനട യാത്രക്കാരൻ വരുമ്പോൾ പിന്തുടർന്ന് പിടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരനെ പിടിച്ചുവെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും കവർച്ച നടത്തിയത്.

Content Highlights:robbery in bengaluru at broad light video goes viral