കൊട്ടാരക്കര: മോഷണവും അക്രമവുമായി വാഹനമോഷണ സംഘം ലോക് ഡൗൺ ദിനത്തിൽ നാടിനെ വിറപ്പിച്ചു. കൊട്ടാരക്കര കരിക്കത്ത് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഘം പുലമണിൽ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. പുലമണിൽനിന്ന് സ്കൂട്ടറും തലച്ചറിയിൽനിന്ന് ബൈക്കും സംഘം മോഷ്ടിച്ചു. മോഷ്ടിച്ച ബുള്ളറ്റിലും സ്കൂട്ടറിലും കാറിലുമാണ് സംഘത്തിന്റെ കറക്കം.

സംഭവങ്ങൾ ഇങ്ങനെ- ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് രണ്ടുയുവാക്കൾ പുലമണിൽ ഐമാളിനോടുചേർന്ന് വർക്ക്ഷോപ്പ് നടത്തുന്ന അനിലിന്റെ വീട്ടിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചത്. വെഞ്ഞാറമ്മൂട്ടിൽ നിന്ന് മോഷ്ടിച്ച കാറിലാണ് യുവാക്കൾ കൊട്ടാരക്കരയിലെത്തിയത്. കാറിന്റെ ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനം കരിക്കത്ത് ഉപേക്ഷിക്കുകയും സ്കൂട്ടർ മോഷ്ടിക്കുകയുമായിരുന്നു. സ്കൂട്ടറുമായി കരിക്കത്ത് പമ്പിലെത്തിയ യുവാക്കൾ കന്നാസിൽ ഡീസൽ ആവശ്യപ്പെട്ടു. ഇന്ധനം നിറയ്ക്കുന്നതിനിടെ യുവാക്കളിലൊരുവൻ പമ്പ് ജീവനക്കാരന്റെ കണ്ണിലേക്കു കുരുമുളകു സ്പ്രേ പ്രയോഗിക്കുകയായിരുന്നു. കന്നാസിലെ ഇന്ധനം പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരൻ ഓടിമാറി. പണമടങ്ങിയ ബാഗ് തട്ടാനായിരുന്നു ശ്രമമെന്ന് കരുതുന്നു.നീക്കം പാളിയതോടെ യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു.

ഉച്ചയോടെ ഇവർ ബുള്ളറ്റിൽ കരിക്കത്ത് കാർ എടുക്കാനെത്തി. ഇതുവഴി കടന്നുപോയ പോലീസ് സംഘത്തിന് സംശയം തോന്നുകയും ചോദ്യംചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പോലീസിനെ വെട്ടിച്ചു ബുള്ളറ്റിൽ കയറിയ സംഘം പോലീസ് ഉദ്യോഗസ്ഥൻ സലിലിനെ ഇടിച്ചിട്ടു കടക്കുകയായിരുന്നു. സലിലിന്റെ കൈകൾക്ക് പരിക്കു പറ്റി. രണ്ടാഴ്ച മുമ്പാണ് കിഴക്കേക്കരയിൽ ഫ്ളാറ്റിൽനിന്ന് ബൈക്ക് നഷ്ടമായത്. ഇതേ സംഘം പന്തളത്ത് ബുള്ളറ്റ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പന്തളത്തു നിന്ന് കവർന്ന ബുള്ളറ്റാണ് പോലീസ് തടയുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്നതെന്നു കരുതുന്നു.

ഒരു മാസംമുമ്പ് ലോവർ കരിക്കം, വീനസ് തിയേറ്റർ ജങ്ഷൻ, െറയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ബൈക്കുകൾ മോഷണംപോയതായി പരാതി ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തലച്ചിറയിൽ കേബിൾ ഓപ്പറേറ്റർ സുരാജിന്റെ ബൈക്ക് മോഷണം പോയതായും പരാതിയുണ്ട്. കരിക്കത്തുനിന്നും തലച്ചിറയിൽ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഒട്ടേറെ ആളുകൾ സംഘത്തിലുണ്ടെന്നും ശക്തമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. ലോക് ഡൗൺ പരിശോധനകൾക്കിടയിലും വാഹനമോഷണ സംഘങ്ങൾ കറങ്ങുന്നത് പോലീസിനെയും വലയ്ക്കുന്നു.