പഴനി: വന്‍ കവര്‍ച്ചകള്‍ നടത്തുന്ന നാലുപേര്‍ അറസ്റ്റില്‍. മധുര കൃഷ്ണാപുരം കോളനിയിലെ വൈരമണി (21), ജയ്ഹിന്ദുപുരം ബാലസുബ്രഹ്മണ്യന്‍ (27), കല്‍മേട് ഭാഗത്തുള്ള പഴനികുമാര്‍ (25), ശിവ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 120 പവന്‍ സ്വര്‍ണാഭരണങ്ങളും നാല് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. കവര്‍ച്ചയില്‍ ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണത്തില്‍ ഇവര്‍ ആഡംബര ബംഗ്ലാവ് നിര്‍മിച്ചുവരുന്നതായി പോലീസ് കണ്ടെത്തി.

ഇവരില്‍ വൈരമണി ആന്ധ്രപ്രദേശില്‍നിന്ന് ബൈക്ക് റേസിങ്ങില്‍ പരിശീലനം നേടിയതാണ്. മധുരയില്‍ 13 ഇടങ്ങളില്‍ ഇവര്‍ ബൈക്കിലെത്തി മാലമോഷണമുള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ തുടരെ നടത്തിയിരുന്നു. കവര്‍ച്ച കഴിഞ്ഞയുടന്‍ മിന്നല്‍വേഗത്തില്‍ ബൈക്ക് ഓടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടിരുന്നത്.

ഇതിനെത്തുടര്‍ന്ന് മധുര സിറ്റി അസിസ്റ്റന്റ് കമ്മിഷ്ണര്‍മാരായ രവി, ഷണ്‍മുഖം, ഇന്‍സ്‌പെക്ടര്‍മാരായ ബാലമുരുകന്‍, ഗണേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. ഇതില്‍ കവര്‍ച്ചനടന്ന ഭാഗങ്ങളിലുളള നൂറിലധികം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍നിന്ന് വൈരമണിയെ അറസ്റ്റ് ചെയ്തത്. വൈരമണിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് മൂന്നുപേര്‍ കൂടി വലയിലായി.

കുറ്റവാളികളെ പിടികൂടിയ സ്‌പെഷ്യല്‍ പോലീസ് സംഘത്തെ മധുര സിറ്റി പോലീസ് കമ്മിഷണര്‍ പ്രേം ആനന്ദ് സിന്‍ഹ അഭിനന്ദിച്ചു.