അയര്‍ക്കുന്നം(കോട്ടയം): പട്ടാപ്പകല്‍ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചശേഷം വീട്ടമ്മയുടെ 24 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തുടര്‍ന്ന് വീട്ടമ്മയെ കെട്ടിയിട്ടശേഷം പ്രതി രക്ഷപ്പെട്ടു. അയര്‍ക്കുന്നം ചേന്നാമറ്റം പുത്തന്‍പുരയില്‍ ജോസിന്റെ ഭാര്യ ലിസമ്മയെ(65) യാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

30 വയസില്‍ താഴെ പ്രായം തോന്നിക്കുന്ന യുവാവ് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് ലിസമ്മയെ അറിയിച്ചു. ഈ സമയം ലിസമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വീട്ടമ്മ വെള്ളം നല്‍കി. കൈയിലുണ്ടായിരുന്ന കുപ്പിയിലും വെള്ളം നിറച്ചു. യുവാവ് അന്‍പത് മീറ്ററോളം വഴിയിലേക്ക് നടന്നുപോകുന്നത് കണ്ടശേഷം മുന്‍വശത്തെ കതക് ചാരിയിട്ട് വീട്ടമ്മ അടുക്കളയിലേക്ക് കയറിപ്പോയി.

നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നാലെ അടുക്കളയിലെത്തിയ യുവാവിനെ കണ്ട് ലിസമ്മ ഭയന്നു. കള്ളനാണെന്നും മോഷ്ടിക്കാനെത്തിയതാണെന്നും അയാള്‍ പറഞ്ഞ് വീട്ടമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഉടന്‍ ബാഗില്‍ കരുതിയിരുന്ന തോക്കെടുത്ത് ചൂണ്ടി മാലയും വളയും ഊരിവാങ്ങി. മറ്റൊരു മുറിക്കുള്ളിലേക്ക് കൊണ്ടുപോയി തുണി കൊണ്ട് കൈകള്‍ പിന്നില്‍ കെട്ടി വായില്‍ ടൗവ്വല്‍ തിരുകിക്കയറ്റി. അലമാര തുറപ്പിച്ച് ആഭരണങ്ങള്‍ എടുത്തശേഷം വീട്ടമ്മയെ മുറിയില്‍ പൂട്ടിയിട്ട് പ്രതി രക്ഷപ്പെട്ടു.

പിന്നീട് ഇവരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം പുറത്തറിയുന്നത്. ഉടന്‍ നാട്ടുകാര്‍ സമീപപ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും കള്ളനെ കണ്ടെത്താനായില്ല.

ലിസമ്മയുടെ ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ ജോസ് സംഭവത്തിന് അരമണിക്കൂര്‍ മുമ്പാണ് ചങ്ങനാശ്ശേരിയിലേക്ക് പോയത്. മക്കള്‍ മൂന്നുപേരും വിദേശത്താണ്. പ്രതി നടന്നാണ് വന്നതെന്നും കൂടെയാരുമുണ്ടായിരുന്നില്ലെന്നുമാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞത്. ഇയാള്‍ മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖവും വ്യക്തമായില്ല. കൈയില്‍ ഗ്ലൗസുണ്ടായിരുന്നു. ബൈക്കിലോ മറ്റേതെങ്കിലും വാഹനത്തിലോ ആകാം പ്രതിയെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ബൈക്കിന്റെ ശബ്ദം കേട്ടിരുന്നില്ലെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.

Content Highlights: robbery case at ayarkunnam kottayam