കണ്ണൂര്‍: ബുക്സ്റ്റാള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കക്കാട് തങ്ങള്‍ വളപ്പിലെ ജസീര്‍ (19), നാറാത്ത് നിടുവാട്ട് തച്ചിറക്കല്‍ വീട്ടില്‍ തന്‍സീര്‍ (20), കണ്ണാടിപ്പറമ്പ് പാറപ്പുറം തോലന്റവിട വീട്ടില്‍ കെ.കെ അര്‍ഷാദ് (20) എന്നിവരാണ് പിടിയിലായത്. 

കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്‌കൂളിനു സമീപത്തെ പി.വി.എസ്. ബുക്സ്റ്റാളില്‍ നിന്ന് ഒരുമാസം മുമ്പാണ് അര്‍ധരാത്രി സി.സി.ടി.വി. ക്യാമറയും കടയുടെ ഷട്ടറും തകര്‍ത്ത് പണം മോഷ്ടിച്ചത്. കണ്ണാടിപ്പറമ്പിലെ പി.വി.ശശിധരന്റെതാണ് ബുക്സ്റ്റാള്‍. മയ്യില്‍ എസ്.ഐ. പി.ബാബുമോനും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കണ്ണാടിപ്പറമ്പ് ഹൈസ്‌കൂളിന് മുന്നിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ രാത്രി മൂന്നുപേര്‍ ഒരുബൈക്കില്‍ നിരവധി തവണ പോകുന്ന അവ്യക്തമായ ദൃശ്യം കണ്ടു. തുടര്‍ന്ന് കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍നിന്ന് തന്‍സീറിനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റുപ്രതികളും വലയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറുനാടന്‍ തൊഴിലാളിയില്‍നിന്ന് മോഷ്ടിച്ചതാണ്. 

കട തകര്‍ക്കാനുപയോഗിച്ച കമ്പിപ്പാര, ചുറ്റിക, പിക്കാസ് എന്നിവയും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണസംഘത്തില്‍ എസ്.ഐ. ബാബുരാജ്, എ.എസ്.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, മനോജ്, ഡ്രൈവര്‍ ധനഞ്ജയന്‍ എന്നിവരുമുണ്ടായിരുന്നു. 

Content highlights: Robbery attempt, Kannur, Crime news, CCTV camera