കോതമംഗലം: സ്വർണക്കട ഉടമയെ കാർ തടഞ്ഞ് തോക്കുചൂണ്ടി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവടക്കം നാലുപേർ പിടിയിൽ. മൂന്നുപേർ ഒളിവിൽ. ഇടുക്കി സ്വദേശിയായ കട ഉടമയെ കൊള്ളയടിക്കാൻ ശ്രമിച്ചത് കോതമംഗലത്ത് വെച്ചാണ്. വടാട്ടുപാറ പലവൻപടി സ്വദേശിയും ഇപ്പോൾ ചേരാനല്ലൂർ വടുതല ജെട്ടി റോഡ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുന്നക്കാട്ടുശ്ശേരി വീട്ടിൽ കണ്ടെയ്നർ സാബുവെന്ന് വിളിക്കുന്ന സാബു ജോർജ് (35), പൂണിത്തുറ ചക്കരപ്പറമ്പ് പുൽപറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്നു വിളിക്കുന്ന നിധിൻ ആന്റണി (33), ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടിൽ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു (43) എന്നിവരാണ് പിടിയിലായത്.

ഇടുക്കി രാജാക്കാട് സ്വർണക്കട നടത്തുന്ന ബെഷിക്കു നേരേയാണ് തോക്ക് ചൂണ്ടി പണം അപഹരിക്കാൻ ശ്രമിച്ചത്. ബെഷി സ്വർണം വാങ്ങാൻ ലക്ഷക്കണക്കിനു രൂപയുമായി കാറിൽ രാജകുമാരിയിൽനിന്ന് തൃശ്ശൂർക്ക് പോകുകയായിരുന്നു.

കഴിഞ്ഞ മാസം ഒന്നിന് രാവിലെ ഏഴിന് തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിനു സമീപം വെച്ചായിരുന്നു സംഭവം. രണ്ട് കാറുകളിലായി എത്തിയ പ്രതികൾ ബെഷിയുടെ കാറിന് വട്ടം െവച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു നീക്കം.

എന്നാൽ, ബെഷിയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഇവരുടെ ശ്രമം പാളി. മുന്നിൽ വട്ടം െവച്ച കാർ ഇടിച്ചുമാറ്റി ബെഷി കടന്നുപോയതോടെയാണ് പ്രതികളുടെ കവർച്ചശ്രമം പരാജയപ്പെട്ടത്. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ കണ്ടെയ്നർ സാബുവാണ് മുഖ്യ പ്രതി. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുള്ളതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കവർച്ചയ്ക്ക്് ഏറെ നാളത്തെ ആസൂത്രണം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ റൂറൽ എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്‌കരിച്ച്് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഒന്നര മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെയ്നർ സാബുവാണ് ആദ്യം പിടിയിലായത്. സാബുവിനെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.