കൊച്ചി: നെടുമ്പാശ്ശേരി കരിയാട് വീട്ടമ്മയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ടു പേരെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ മാച്ചർള സ്വദേശിയും പാലക്കാട് വാടകയ്ക്ക് താമസിക്കുന്നയാളുമായ സൂര്യ കിരൺ (34), പാലക്കാട് മുണ്ടൂർ തട്ടത്തിക്കുന്ന് വീട്ടിൽ രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ രണ്ടിന് പകൽ പത്തരയോടെ ഭർത്താവും മകളും പുറത്ത് പോയ സമയത്ത് വീടിന്റെ പിൻവാതിലിലൂടെ കയറിവന്ന പ്രതികൾ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്. കവർച്ച ചെയ്ത സാധനങ്ങളും സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഒന്നരക്കിലോ കഞ്ചാവ് കൈവശം വച്ചതിന് സൂര്യകിരൺ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്‌കരിച്ചാണ് കേസിൽ അന്വേഷണം നടത്തിയത്. ഡി.വൈ. എസ്.പി. ജി. വേണു, ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ.മാരായ വന്ദന കൃഷ്ണൻ, ജയപ്രസാദ് ആർ . ബഷീർ കെ.കെ. എ.എസ്.ഐ മാരായ ബിജേഷ് എം.എസ് , സാബു പി.സി, എസ്.സി.പി.ഒ മാരായ ഉബൈദ് എ.കെ, സുരേഷ് എം. എസ്, സുനോജ് കെ.സി, നവീൻദാസ്, ജിസ് മോൻ എൻ.ജി, അജിത്‌കുമാർ, മിഥുൻ എം.ആർ, ശ്രീകാന്ത് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Content Highlights:robbery at nedumbassery accused arrested