പാലക്കാട്: എലപ്പുള്ളി മണിയേരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് നാലംഗസംഘം സ്വര്‍ണവും പണവും കവര്‍ന്നു. മണിയേരിസ്വദേശി സുശീലയെയാണ് (53) മുഖംമൂടിധരിച്ചെത്തിയ സംഘം കെട്ടിയിട്ട് മര്‍ദിച്ചശേഷം അരപ്പവന്റെ കമ്മലും ആയിരം രൂപയുമായി കടന്നുകളഞ്ഞത്. മുഖത്തിനും ചെവിക്കും പരിക്കേറ്റ സുശീലയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള മോഷണസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മണിയേരിയില്‍ പുതിയവീടിന്റെ പണി നടക്കുന്നതിനാല്‍, ഇതിനോടുചേര്‍ന്നുള്ള പറമ്പില്‍ പഴയ ഒറ്റമുറി വീട്ടിലാണ് സുശീല താമസിച്ചിരുന്നത്. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതുമുതല്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. വീടിന്റെ പിറകുവശത്തെ ഭിത്തിതകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നതെന്ന് പോലീസ് പറഞ്ഞു. 

ശബ്ദംകേട്ടുണര്‍ന്ന സുശീലയുടെ കൈകള്‍ അക്രമികള്‍ കെട്ടിയിട്ടു. നിലവിളിച്ചതോടെ മുഖത്തടിച്ചു. കത്തികാണിച്ച്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദേഹത്തുള്ള സ്വര്‍ണാഭരണങ്ങളും അഴിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. സുശീല അവശനിലയിലായതോടെ ചെവിയില്‍നിന്ന് അക്രമികള്‍തന്നെ കമ്മല്‍ ബലംപ്രയോഗിച്ച് ഊരിയെടുത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരംരൂപയും പുതിയവീട്ടിലെ വയറിങ്ങിനായി സൂക്ഷച്ചിരുന്ന ഇലക്ട്രിക്കല്‍ വയറും എടുത്തശേഷം വീടിന്റെ മുന്‍വശത്തെ വഴിലൂടെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

സംഭവശേഷം അയല്‍വാസിയുടെ വീട്ടിലെത്തിയ സുശീലയെ പിന്നീട് നാട്ടുകാരും പോലീസുംചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ചരാവിലെ ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ്, പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാര്‍, കസബ സി.ഐ. എന്‍.എസ്. രാജീവ്, എസ്.ഐ. വിപിന്‍ കെ.വേണുഗോപാല്‍ എന്നിവരും വിരലടയാളവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അക്രമികള്‍ മോഷ്ടിച്ച സാധനങ്ങളുടെ കവറുകളുംമറ്റും സമീപത്തെ തോട്ടില്‍നിന്ന് കണ്ടെടുത്തു.

Content Highlights: robbery at elappully palakkad