മറ്റത്തൂര്‍(തൃശ്ശൂര്‍): നാലുദിവസത്തിനിടെ വീട്ടമ്മ രണ്ടുവട്ടം ആക്രമിക്കപ്പെടുകയും കവര്‍ച്ചക്കിരയാവുകയും ചെയ്തു. മാങ്കുറ്റിപ്പാടം മാമ്പിലായില്‍ സുധാകരന്റെ ഭാര്യ ഷീല (50) ആണ് കഴിഞ്ഞ ബുധനാഴ്ചയും ഞായറാഴ്ചയും ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച കാലത്ത് ഒമ്പതുമണിയോടെ വീടിനു സമീപം ജോലിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ ക്ലോറോഫോം ഉപയോഗിച്ച് ബോധരഹിതയാക്കി മോഷ്ടാവ് സ്വര്‍ണവള ഊരിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. മോതിരം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബുധനാഴ്ച ഷീലയുടെ അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ചിരുന്നു. രാത്രി വീടിന്റെ വാതില്‍ തുറന്നപ്പോള്‍ മോഷ്ടാവ് മാലപൊട്ടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പിടിവലിയില്‍ മാലയുടെ പകുതി മോഷ്ടാവ് കൊണ്ടുപോയെന്നാണ് പറയുന്നത്. എന്നാല്‍, ഒരുമണിക്കൂറിനുശേഷം സമീപത്തെ പേരമരത്തിന്റെ ചുവട്ടില്‍നിന്ന് മാലയുടെ നഷ്ടപ്പെട്ട ഭാഗം കിട്ടിയതായും വീട്ടുകാര്‍ പറഞ്ഞു. അന്ന് രാത്രി വീടിന്റെ ചുമരില്‍ ആരോ 'രണ്ട്' എന്ന് അക്കത്തില്‍ എഴുതി വട്ടമിട്ട് ചിഹ്നം വരച്ചിരുന്നു.

ഞായറാഴ്ച മകന്‍ രാഹുലും ഭര്‍ത്താവും അടുത്ത വീട്ടില്‍ സഞ്ചയനത്തിന് പോയപ്പോഴാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. വീട്ടില്‍നിന്ന് മുപ്പത് മീറ്ററോളം അകലെയുള്ള മോട്ടോര്‍ ഷെഡ്ഡിന് സമീപം ചവറടിച്ച് നില്‍ക്കുമ്പോഴാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. ഈ സമയം വീട്ടിലെത്തിയ മകന്‍ രാഹുല്‍ പെട്ടെന്ന് കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ അമ്മ വീണുകിടക്കുന്നത് കണ്ടുവെന്നാണ് പറയുന്നത്. മുഖത്ത് ക്ലോറോഫോം മണപ്പിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ചതുരാകൃതിയില്‍ വെട്ടിയ പഞ്ഞിയുമുണ്ടായിരുന്നു. ബോധരഹിതയായ ഷീലയെ അയല്‍ക്കാരുടെ സഹായത്തോടെ രാഹുല്‍ മറ്റത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. മൂന്നുമണിക്കൂറിനുശേഷമാണ് ബോധം വീണത്.

ബുധനാഴ്ച ഷീലയുടെ മാല പൊട്ടിച്ച സംഭവത്തിനുശേഷം വീട്ടില്‍ സി.സി.ടിവി. ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍, ക്യാമറയുടെ പരിധിക്കു പുറത്തുള്ള ഭാഗത്തുവെച്ചാണ് ആക്രമണം നടന്നിട്ടുള്ളത്. പിടിവലി നടക്കുന്ന ദൃശ്യങ്ങള്‍ അവ്യക്തമായി ക്യാമറയില്‍ ലഭിച്ചിട്ടുണ്ട്. വട്ടക്കണ്ണും ചന്ദനക്കുറിയുമുള്ള ഷര്‍ട്ടിടാത്ത ആളാണ് മോഷ്ടാവെന്ന് ഷീല പറയുന്നു. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവെടുത്തു. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് സൂചിപ്പിച്ചു.

Content Highlights: robbery and attack against house wife in mattathur thrissur