പൊള്ളാച്ചി: നെഗമത്തില്‍ ലോറി തട്ടിക്കൊണ്ടുപോയ ആറുപേരെ അറസ്റ്റുചെയ്തു. കോവില്‍പാളയക്കാരായ വെങ്കടേഷ് കുമാര്‍ (25), ഹരിപ്രസാദ് (26), പൊള്ളാച്ചിക്കാരായ ഗോകുല്‍ (25), മണികണ്ഠന്‍ (23), അബ്ദുള്‍ റഹ്മാന്‍ (23), സന്തോഷ് (20) എന്നിവരാണ് അറസ്റ്റിലായത്.

മീനാക്ഷിപുരത്തുനിന്ന് പത്തര ടണ്‍ തേങ്ങയുമായി ചെന്നൈയ്ക്ക് പോവുകയായിരുന്ന ലോറിയാണ് നെഗമം ഭാഗത്തുവെച്ച് തട്ടിക്കൊണ്ടുപോയത്.

കാറില്‍ പിന്തുര്‍ന്നുവന്ന സംഘം ലോറി തടഞ്ഞ് ഡ്രൈവറെ പിടിച്ചിറക്കി ലോറി ഓടിച്ചുപോവുകയായിരുന്നു. ലോറി ഡ്രൈവറെ സംഘം കാറില്‍ കയറ്റി കുറച്ചുദൂരം കൊണ്ടുപോയി പല്ലടം -തിരുച്ചി റോഡില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ഡ്രൈവര്‍ ഉളുന്നൂര്‍പേട്ട സ്വദേശി മനോഹരന്‍ (30) ലോറിയുടമയെ വിവരമറിയിച്ചു.

ലോറിയിലുണ്ടായിരുന്ന ജി.പി.എസ്. വഴി ലോറി പല്ലടം-തിരുച്ചി റോഡിലെ ഒരു ഗോഡൗണില്‍ നിര്‍ത്തിയിരുന്നത് കണ്ടുപിടിച്ചു. മോഷ്ടാക്കള്‍ തേങ്ങ ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. യുവാക്കള്‍ ചെലവിനുള്ള പണത്തിനുവേണ്ടിയാണ് കൊള്ള ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. തേങ്ങയും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: robbers kidnapped coconut lorry from pollachi.