അമൃത്‌സര്‍: ബൈക്കിലെത്തിയ മോഷ്ടാക്കൾ യുവാവിന്റെ കൈ വെട്ടിമാറ്റി പണവും ടാബ്ലറ്റും കവർന്നു. പഞ്ചാബിലെ അമൃത്‌സര്‍ നൗഷെഹ്റയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അറ്റുപോയ കൈ തുന്നിച്ചേർത്തു.

ആകാശ് അവന്യുവിൽ താമസിക്കുന്ന പ്ലാത്ത് വിശ്വാസ്(35) എന്നയാളാണ് കവർച്ചയ്ക്കും അക്രമത്തിനും ഇരയായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിശ്വാസ്, ഇടപാടുകാരിൽനിന്ന് കളക്ഷൻ പൂർത്തിയാക്കിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ യുവാവിന്റെ കൈ വെട്ടിമാറ്റി ടാബ്ലറ്റും പണവും സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു.

അറ്റുപോയ കൈയുമായി ചോരയിൽ കുളിച്ച് റോഡരികിൽ കിടന്ന വിശ്വാസിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഉടൻതന്നെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കൈ തുന്നിച്ചേർത്തു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Content Highlights:robbers chop off mans hand and flee with his money and tablet