തിരുവനന്തപുരം : മോഷണക്കേസ് പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി. ജവഹര്‍ നഗര്‍ ചരുവിളാകത്തു പുത്തന്‍വീട്ടില്‍ കലകുമാറിനെയാണ് (57) ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. 1998-ല്‍ ശാസ്തമംഗലത്തു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടില്‍നിന്ന് 36 പവന്‍ മോഷണം പോയ കേസിലാണ് അറസ്റ്റ്.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2000-ല്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. നിരവധിപ്പേരെ ചോദ്യം ചെയ്‌തെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. 2018-ല്‍ സംശയത്തെത്തുടര്‍ന്ന് കലകുമാറിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് വിരലടയാളം ശേഖരിച്ചിരുന്നു. സൂര്യനാരായണന്റെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളവും കലകുമാറിന്റെ വിരലടയാളവും ഒന്നാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴേക്കും ഇയാള്‍ ഒളിവില്‍പ്പോയി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ ജവഹര്‍നഗര്‍, ശാസ്തമംഗലം ഭാഗത്തു നടന്ന ആറ് മോഷണക്കേസുകള്‍ക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.സി.ഐ. കെ.ആര്‍.ബിജു, എസ്.ഐ.മാരായ ശശിഭൂഷണ്‍ നായര്‍, ഗോപകുമാര്‍, എ.എസ്.ഐ. മോഹന്‍ലാല്‍, സി.പി.ഒ.മാരായ പ്രതാപ് കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു, ശോബിദ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: robber caught after 20 years