കൊച്ചി: എറണാകുളത്തെ ഒരു മാളില്‍ തോക്കും അഞ്ചു വെടിയുണ്ടകളും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ട്രോളി പാര്‍ക്കിങ് മേഖലയിലെ ട്രോളിയില്‍ തോക്ക് കണ്ടെത്തിയ വിവരം സുരക്ഷാജീവനക്കാര്‍ പോലീസിനെ അറിയിച്ചത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു സഞ്ചിയിലായിരുന്നു തോക്കും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം കേരളത്തിലെ സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ പേരടങ്ങിയ കുറിപ്പുമുണ്ടായിരുന്നു. ഒരു വയോധികന്‍ സഞ്ചി ട്രോളിയില്‍ ഉപേക്ഷിക്കുന്നതിന്റെയും ഇയാള്‍ യാത്രചെയ്ത കാറിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.