കണ്ണൂര്‍: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ പിടിയില്‍. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പുഴാതി സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എം.സതീഷാ(47)ണ് വിജിലന്‍സ് പിടിയിലായത്.

കേളകം സ്വദേശി രവി മകള്‍ക്കുവേണ്ടി കക്കാട്ട് വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണല്‍ ഓഫീസില്‍ ഒക്ടോബര്‍ 22-ന് അപേക്ഷ നല്‍കിയിരുന്നു. വീടിന്റെ പരിശോധനയ്ക്കുശേഷം രവിയോട് സതീഷ് ഫോണില്‍വിളിച്ച് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 1000 രൂപയുമായി ഓഫീസിലെത്താന്‍ പറഞ്ഞു. രവി ഈ വിവരം വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിനെ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പുഴാതി സോണല്‍ ഓഫീസിന്റെ മുന്നില്‍ കാറിനടുത്തുനിന്ന് രവിയില്‍നിന്ന് കൈക്കൂലി വാങ്ങി ഓഫീസിലേക്ക് കയറുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. സതീഷിന്റെ പള്ളിക്കുന്നിലെ വാടകവീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി.

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.പ്രമോദന്‍, ഷാജി പട്ടേരി, സബ് ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, മഹീന്ദ്രന്‍, എ.എസ്.ഐ. നിജേഷ്, ബിനു, എസ്.സി.പി.ഒ. സുകേഷ്, ഷൈജു തുടങ്ങിയവരും ഉണ്ടായിരുന്നു.