തൃപ്പൂണിത്തുറ: പട്ടാപ്പകൽ വീട്ടിൽ കയറിവന്ന് വീട്ടമ്മയായ വയോധികയെ അടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്ന വാർത്ത എരൂർ പ്രദേശത്തെ നടുക്കി. എരൂർ എസ്.എം.പി. കോളനി ഭാഗത്ത് രാത്രിയിൽ വീടാക്രമിച്ചുള്ള വൻ കവർച്ച നടന്ന ഭയപ്പെടുത്തുന്ന ഓർമകൾ മായുന്നതിനു മുമ്പാണ് വീട്ടമ്മയെ ആക്രമിച്ചുള്ള കവർച്ച നടന്നിരിക്കുന്നത്. ലേബർ കോർണർ വൈമീതി റോഡിൽ കൊച്ചുപുരയ്ക്കൽ രഘുപതി (78) എന്ന മുൻ സ്കൂൾ അധ്യാപികയെ വീട്ടിൽ തലയ്ക്ക്‌ അടിച്ചുവീഴ്‌ത്തി ആഭരണങ്ങൾ കവർന്ന് അക്രമിയും കൂടെയുള്ള യുവതിയും രക്ഷപ്പെട്ടിട്ടും അയൽവാസികൾ പോലും കവർച്ചവിവരം അറിഞ്ഞില്ല.

അടിയേറ്റ് ചോരയിൽ കുളിച്ച് തളർന്ന് കിടന്ന രഘുപതി മൊബൈൽ ഫോണിലൂടെ മകന്റെ വർക്‌ഷോപ്പ് പാർട്ട്ണണറായ ഷിനുവിനെ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. വെണ്ണലയിലുണ്ടായിരുന്ന മകൻ അനൂപും വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി. ഇവരാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ വീട്ടിൽ രഘുപതിയും മകൻ അനൂപും സ്കൂൾ വിദ്യാർഥിനിയായ കൊച്ചുമകളും മാത്രമാണ് താമസം. രഘുപതിയുടെ മറ്റൊരു മകൻ അനീഷ് ഒാസ്‌ട്രേലിയയിലാണ്. പ്രതികൾ മലയാളികൾ തന്നെയാണെന്നാണ് പോലീസ് ഉറച്ചു വിശ്വസിക്കുന്നത്.

സാധാരണ പോലെ മലയാളത്തിലാണ് അക്രമി സംസാരിച്ചതെന്ന് രഘുപതി പോലീസിനോട് പറഞ്ഞു. സ്വർണമാലയും വളകളും ഊരിയെടുക്കവേ മിണ്ടിയാൽ തല്ലിക്കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റോഡരികിൽ തന്നെയാണ് കവർച്ച നടന്ന വീട്.

Content Highlights: retired teacher attacked and threatened by thieves gold theft head injured raghupathy kochi case