തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടിമുതലുകൾ ആർ.ഡി.ഒ. കോടതിയിൽ മടക്കി നൽകിയിട്ടില്ലെന്ന്‌ മുൻ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥൻ. തൊണ്ടിമുതലുകൾ മടക്കിനൽകി എന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്ന്‌ മുൻ ഹെഡ്‌ കോൺസ്റ്റബിൾ ശങ്കരനാണ്‌ മൊഴി നൽകിയത്‌.

പ്രത്യേക സി.ബി.ഐ. കോടതി ജഡ്‌ജി കെ. സനിൽകുമാറിനോടായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.

ആർ.ഡി.ഒ. കോടതിയിൽ ക്രൈംബ്രാഞ്ച്‌ നൽകിയ അപേക്ഷയിൽ ശങ്കരൻ തൊണ്ടിമുതലുകൾ കോടതിയിൽ എത്തിച്ചതായി പറഞ്ഞിരുന്നു. ഇതേക്കുറിച്ച്‌ സി.ബി.ഐ. പ്രോസിക്യൂട്ടർ എം.നവാസ്‌ നടത്തിയ വിസ്താരത്തിലാണ്‌ ക്രൈംബ്രാഞ്ചിന്റെ വാദം ശങ്കരൻ തള്ളിയത്‌.

അഭയക്കേസിന്റെ അന്വേഷണസംഘത്തിൽ അംഗമായിരുന്ന താൻ, ആർ.ഡി.ഒ. കോടതിയിൽ ഒരിക്കലും പോയിട്ടില്ലെന്നും ശങ്കരൻ പറഞ്ഞു.

ആർ.ഡി.ഒ.യുടെ നിർദ്ദേശപ്രകാരം പഴയ ഫയലുകൾ നശിപ്പിച്ച കൂട്ടത്തിൽ അഭയ കൊലക്കേസിന്റെ തൊണ്ടിമുതലുകളും നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു ക്രൈംബ്രാഞ്ച്‌ നിലപാട്‌. ആർ.ഡി.ഒ. കോടതിയിൽ എത്തുന്ന തൊണ്ടിമുതലുകൾ കുറഞ്ഞത്‌ മൂന്നുവർഷംവരെ നശിപ്പിക്കാറില്ലെന്ന്‌ സെക്‌ഷൻ ക്ളാർക്ക്‌ രാജു നമ്പൂതിരിയും കോടതിയിൽ മൊഴി നൽകി.

പോലീസ്‌ അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്ത്‌ തൊണ്ടിമുതലുകൾ ആവശ്യമില്ലെന്നു അറിയിച്ചാൽ മാത്രമെ കോടതി ജീവനക്കാർ തൊണ്ടിമുതലുകൾ നശിപ്പിക്കാറുള്ളുവെന്നും രാജു നമ്പൂതിരി കോടതിയെ അറിയിച്ചു.

1992 മാർച്ച്‌ 27നാണ്‌ കോട്ടയം പയസ്സ്‌ ടെൻത്‌ കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്‌. അഭയയുടേത്‌ ആത്മഹത്യയാണെന്നായിരുന്നു ലോക്കൽ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. സി.ബി.ഐ. അന്വേഷണത്തിലാണ്‌ പ്രതികളായ ഫാ. തോമസ്‌ എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പിടിയിലായത്‌. അഭയയുടേത്‌ കൊലപാതകമാണെന്നായിരുന്നു സി.ബി.ഐ. കണ്ടെത്തൽ.

Content Highlight: Retired officer says Sister Abhaya murder case evidence was not returned to court