തിരുവനന്തപുരം:  സനുമോഹന്‍ മകള്‍ വൈഗയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടെന്ന് റിട്ട. എസ്.പി. സുഭാഷ് ബാബു. മകളെ കൊലപ്പെടുത്തിയ ശേഷം താനും മരിച്ചെന്ന് വരുത്തിതീര്‍ത്ത് സുകുമാരക്കുറുപ്പിന്റെ മാതൃകയില്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നാകും സനുമോഹന്‍ ഉദ്ദേശിച്ചതെന്നും സുഭാഷ് ബാബു പറഞ്ഞു. മാതൃഭൂമി ന്യൂസ് സ്പാര്‍ക്ക് @3 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തം ഫോണ്‍ ഒഴിവാക്കി ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചതും ഭാര്യയെ മറ്റൊരു വീട്ടിലാക്കിയതുമെല്ലാം ഈ കൊലപാതകം കരുതിക്കൂട്ടിയുള്ളതാണെന്ന് തെളിയിക്കുന്നതാണ്. കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയ ആല്‍ക്കഹോളിന്റെ സാന്നിധ്യം വളരെകൂടുതലാണ്. കോളയിലോ മറ്റോ മദ്യം കലര്‍ത്തി കുട്ടിയെ ബോധരഹിതയാക്കിയിട്ടുണ്ടാകും. അതിനുശേഷം കുട്ടിയെ എടുത്തുകൊണ്ടുപോയി പുഴയില്‍ എറിഞ്ഞതാകാനാണ് സാധ്യതയെന്നും സുഭാഷ് ബാബു വിലയിരുത്തി. 

കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന പ്രതിയുടെ മൊഴി വിശ്വസനീയമല്ല. ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ കോയമ്പത്തൂരിലേക്ക് പോയി കാര്‍ വില്‍ക്കുന്നു. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നു. ആത്മഹത്യ ചെയ്യേണ്ട ആള്‍ ഇതൊന്നും ചെയ്യില്ലല്ലോ. ശരീരത്തോട് അമര്‍ത്തിപിടിച്ചപ്പോള്‍ മകള്‍ ശ്വാസംമുട്ടി ബോധരഹിതയായെന്നാണ് സനുമോഹന്റെ മൊഴി. അതിന് ഒരിക്കലും സാധ്യതയില്ല. അങ്ങനെയാണെങ്കില്‍ ഇക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കേണ്ടതാണെന്നും സുഭാഷ് ബാബു പറഞ്ഞു. 

പ്രതി ആദ്യം പറയുന്നത് എന്തായാലും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ല. സനുവിനെയും ഭാര്യയെയും കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ വ്യക്തതവരാന്‍ സാധ്യതയുണ്ട്. ഇവരുടെ ഭാര്യയുമായി ഫ്‌ളാറ്റിലുള്ള ആര്‍ക്കും പരിചയമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ ജീവിതത്തില്‍ എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് സംശയിക്കണം. സനുമോഹനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതോടെ ഇതിലെല്ലാം വ്യക്തത വരുമെന്നാണ് കരുതുന്നതെന്നും സുഭാഷ് ബാബു പറഞ്ഞു. 

Content Highlights: retd sp subash babu says about vaiga murder case