നന്മണ്ട(കോഴിക്കോട്): പതിമൂന്നിലെ ചില കടകളുടെ പൂട്ടിനുള്ളില്‍ സിലിക്കോണ്‍ പശയൊഴിച്ചതായി പരാതി. ബുധനാഴ്ച കാലത്ത് കട തുറക്കാനെത്തിയ വ്യാപാരികളാണ് തുറക്കാനാവാത്തവിധം പൂട്ടില്‍ പശനിറച്ചതായി കണ്ടത്.

കഴിഞ്ഞ ദിവസം പൗരത്വനിയമ ഭേദഗതിക്ക് അനുകൂലമായി ജനജാഗരണസമിതി റാലിയും പൊതുയോഗവും നടത്തിയ സമയം പ്രതിഷേധസൂചകമായി അടച്ചിട്ട സ്ഥാപനങ്ങള്‍ക്കുനേരെയാണ് അതിക്രമം നടന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

ബേയ്ക്ക് ഹൗസ്, മുനീര്‍ ബേക്കറി, കൈരളി ഹോട്ടല്‍, ക്ലാസിക് ഹാര്‍ഡ്വേഴ്‌സ്, മലബാര്‍ ട്രേഡേഴ്‌സ്, 13 ലെ മീന്‍പീടിക, സുവര്‍ണ സൂപ്പര്‍മാര്‍ക്കറ്റ്, സ്വദേശി മെഡിക്കല്‍സ് എന്നീ കടകളുടെ പൂട്ടിനുള്ളിലാണ് പശയൊഴിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ രാത്രി 1-30- ന് ഒരാള്‍പൂട്ടിനുള്ളില്‍ എന്തോ ദ്രാവകം ഒഴിക്കുന്നതായാണ് കാണുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ബാലുശ്ശേരി സ്റ്റേഷനില്‍ പരാതിനല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജെ. പ്രതാപ് പറഞ്ഞു.

പ്രതിഷേധപ്രകടനം നടത്തി

കടകളുടെ പൂട്ടിനുള്ളില്‍ സിലിക്കോണ്‍ പശയൊഴിച്ചതില്‍ പ്രതിഷേധിച്ച് ഭരണഘടനാ സംരക്ഷണസമിതി പ്രകടനം നടത്തി. വ്യാപാരികളും, രാഷട്രീയപാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, വിശ്വന്‍ നന്മണ്ട, യു.പി. ശശി, എന്‍.കെ. രാമന്‍കുട്ടി, കെ.കെ. വാസുനായര്‍, ടി.കെ. ശ്രീജിത്ത്, കെ.കെ. മനാഫ്, എം.കെ. ഗംഗാധരന്‍, സി. ശിവരാമന്‍, ബഷീര്‍ കുണ്ടായി എന്നിവര്‍ നേതൃത്വം നല്‍കി.

: കടകള്‍ക്കുനേരെ നടന്ന അതിക്രമത്തില്‍ വ്യാപാരി-വ്യവസായി സമിതി പ്രതിഷേധിച്ചു. കെ.കെ. മനാഫ് അധ്യക്ഷത വഹിച്ചു. ടി.കെ. ശ്രീജിത്ത്, ഡോ. വി. മോഹന്‍ദാസ്, പോപ്പി വിനോദ്, പി. മൂസ്സ, ലിബീഷ് ഇയ്യാട് എന്നിവര്‍ സംസാരിച്ചു.

Content Highlights: retail shops damaged in nanminda kozhikode