കുഞ്ചിത്തണ്ണി(ഇടുക്കി): പട്ടാപ്പകൽ പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ, കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്ത് കണ്ടതായി സംശയം. ഞായറാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി. അപ്പോൾ, ആ പുരയിടത്തിന്റെ മേൽഭാഗത്തുനിന്ന് ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല.
കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു. ഇത് പ്രതി അരുൺ തന്നെയാകാമെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച വീണ്ടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രതി ഒരു കിലോമീറ്റർ ചുറ്റളവിൽത്തന്നെ ഒളിച്ചിരുന്നിട്ടും പിടികൂടാൻ സാധിക്കാത്തത് പോലീസിന് തലവേദനയാണ്.
കൊലയ്ക്കുശേഷം പ്രതി വീണ്ടും സംഭവസ്ഥലത്ത് ചെന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് ചീഫ് കറുപ്പുസ്വാമിയുടെ നിർദേശപ്രകാരം എ.എസ്.പി. എസ്.സുരേഷ് കുമാർ സ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നു. മൂന്നാർ ഡിവൈ.എസ്.പി. സുരേഷ്, വെള്ളത്തൂവൽ സി.ഐ. എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Content highlight: Reshma murder case