ചെർപ്പുളശ്ശേരി: നെല്ലായ പുലാക്കാട്ടെ പ്രായമായ വീട്ടമ്മയിൽനിന്ന്‌ താക്കോൽ വാങ്ങി അലമാരയിൽനിന്ന്‌ 15 പവൻ ആഭരണങ്ങളെടുത്ത്‌ മുങ്ങിയ പുരുഷനും സ്ത്രീയും അറസ്റ്റിൽ.

ആലത്തൂർ പുളിങ്കൂട്ടം ചല്ലിത്തറ ദേവദാസ് (മുത്തു-47), കണ്ണമ്പ്ര ഭഗവതിപ്പറമ്പ് സന്ധ്യ (39) എന്നിവരെയാണ് ചെർപ്പുളശ്ശേരി സി.ഐ. പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം ഉരുക്കിയ നിലയിൽ വടക്കഞ്ചേരിയിലെ ജൂവലറിയിൽനിന്ന്‌ പോലീസ് കണ്ടെടുത്തു.

നെല്ലായ പുലാക്കാട് അയിനിക്കത്തൊടി അബ്ദുൾഖാദറിന്റെ വീടിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ ഒമ്പതുമാസമായി വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു അറസ്റ്റിലായ ഇരുവരും. പാലക്കാട് സ്വദേശികളാണെന്നും ദമ്പതിമാരാണെന്നുമാണ്‌ ഇവർ പരിചയപ്പെടുത്തിയിരുന്നത്.

അബ്ദുൾഖാദറും കുടുംബവും ഞായറാഴ്ച കല്യാണത്തിന്‌ പോയിരുന്നു. ഈ തക്കംനോക്കി വീട്ടിലുണ്ടായിരുന്ന അബ്ദുൾഖാദറിന്റെ പ്രായമായ അമ്മയിൽനിന്ന്‌ താക്കോൽ വാങ്ങി അലമാര തുറന്ന് ആഭരണങ്ങളെടുത്തശേഷം മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തിങ്കളാഴ്ചയും തിരിച്ചെത്താതിരുന്നപ്പോഴാണ്‌ ഭാര്യയുടെ ആഭരണങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച്‌ അബ്ദുൾഖാദർ പോലീസിൽ പരാതി നൽകിയത്‌.

ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. അറിയിച്ചു.

Content Highlights: Renters steal house owners gold cherpulassery palakkad