ഫോർട്ടുകൊച്ചി: റെന്റ് എ ബൈക്ക് സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങിയ രണ്ട്പേർ പിടിയിലായി. തൃശ്ശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് വീട്ടിൽ പി.എസ്. ശ്രുതി (29), തൃശൂർ വെളുത്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാട്ടിപ്പറമ്പ് വീട്ടിൽ കെ.എസ്. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്.

ഫോർട്ട്കൊച്ചി പോലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ. കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 24-നാണ് ഇവർ ഫോർട്ട്കൊച്ചി ചിരട്ടപ്പാലത്ത് പ്രവർത്തിക്കുന്ന പയസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാവൽ ഇന്ത്യ ഫോർട്ട് റെന്റ് എ ബൈക്ക് എന്ന സ്ഥാപനത്തിൽ നിന്ന് സ്കൂട്ടർ വാടകയ്ക്കെടുത്തത്. പിന്നീട് ഇവർ ഇതുമായി മുങ്ങുകയായിരുന്നു.

പയസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം കടം വാങ്ങിയും വീട്ടുവാടക നൽകാതെയുമൊക്കെ മുങ്ങുകയാണ് ഇവരുടെ രീതി. പരാതി കൊടുക്കാൻ ആരും തയ്യാറാകാതിരുന്നതിനാൽ പലപ്പോഴും ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്കൂട്ടർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ. മുകേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, നിർമല ഫെർണാണ്ടസ്, അനൂപ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.