മീററ്റ്: കോവിഡ് രോഗികൾക്കുള്ള റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തിയ ആശുപത്രി ജീവനക്കാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ സുഭ്ഹാർതി മെഡിക്കൽ കോളേജിൽ വാർഡ് ബോയ് ആയി ജോലിചെയ്യുന്ന രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ഇവർ കരിഞ്ചന്തയിൽ 25,000 രൂപ വരെ ഈടാക്കി വിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ജീവനക്കാർ തന്നെ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയിരുന്നത്. ആശുപത്രിയിൽനിന്ന് റെംഡിസിവിർ ഇൻജക്ഷൻ കൈക്കലാക്കുന്ന പ്രതികൾ പകരം വെറും വെള്ളമാണ് രോഗികൾക്ക് കുത്തിവെച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പോലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം ഡൽഹിയിലും റെംഡെസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 25,000 മുതൽ 40,000 രൂപ വരെയാണ് ഡൽഹിയിലെ കരിഞ്ചന്ത വിൽപ്പനക്കാർ ഒരു ഇൻജക്ഷന് ഈടാക്കിയിരുന്ന വില. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ ഇൻജക്ഷനും ആവശ്യക്കാരേറിയിരുന്നു. എന്നാൽ പലയിടത്തും ഇൻജക്ഷൻ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ഇതിനിടെയാണ് കരിഞ്ചന്തയിൽ ഉയർന്നവിലയ്ക്ക് ഇൻജക്ഷൻ വിൽപന നടത്തുന്നത്.

Content Highlights:remdesivir injections in black market two hospital ward boys arrested