കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായ പ്രതി കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്ത പൊവ്വല്‍ സ്വദേശി നൗഷാദ് എന്ന ബില്‍ഡര്‍ നൗഷാദാ(40)ണ് രക്ഷപ്പെട്ടത്.

ഗുരുവനത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലായിരുന്ന ഇയാള്‍ ബുധനാഴ്ച വൈകുന്നേരം 4.30-ഓടെ മുറിയുടെ ജനല്‍ക്കമ്പി മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. ഈ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ജില്ലാ ജയിലിലേക്ക് റിമാന്‍ഡിലയച്ച ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.

തുടര്‍ന്നാണ് ഗുരുവനം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. കാറില്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ കാസര്‍കോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് നൗഷാദിനെ പിടിച്ചത്.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. 2016-ല്‍ കുമ്പള മണ്ഡേക്കാപ്പിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍.