കൊണ്ടോട്ടി: മഞ്ചേരി മെഡിക്കല്‍കോളേജ് സെല്ലില്‍നിന്ന് രക്ഷപ്പെട്ട ബൈക്ക് മോഷ്ടാവ് വീണ്ടും പിടിയിലാകുംമുമ്പ് മോഷ്ടിച്ചത് മൂന്ന് വാഹനങ്ങള്‍. നാലുദിവസത്തിനിടെ രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് (19) എന്ന ബുള്ളറ്റ് റംഷാദ് മോഷ്ടിച്ചത്.

കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ മഞ്ചേരി മെഡിക്കല്‍കോളേജിലെ കൊറോണ നിരീക്ഷണ സെല്ലില്‍നിന്ന് ശൗചാലയത്തിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് നൗഷാദും എടവണ്ണപ്പാറ പൊന്നാട് സ്വദേശി മെഹബൂബും രക്ഷപ്പെട്ടത്.

മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ത്തിയിട്ട ആശുപത്രി ജീവനക്കാരന്റെ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ബൈക്കുമായി കറങ്ങിനടന്ന നൗഷാദ് പത്തിന് രാത്രി മുസ്ലിയാരങ്ങാടി കമ്പളപറമ്പ് പരിസരത്തുനിന്ന് അബ്ദുള്‍സലാമിന്റെ ചരക്ക് ഓട്ടോയും മോഷ്ടിച്ചു.

ഒട്ടോയുടെ നമ്പര്‍ മാറ്റി കറങ്ങിനടന്ന് അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് നൗഷാദിനെ ഐക്കരപ്പടിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം ബൈക്ക് മോഷണക്കേസുകളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസംപോലും ലഭിക്കാത്ത നൗഷാദ് യുട്യൂബില്‍നിന്നാണ് ബൈക്ക് മോഷണവിദ്യ പഠിച്ചതെന്നാണ് പോലീസിനോടു പറഞ്ഞത്.

ഇന്‍സ്പെക്ടര്‍ കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, എസ്.ഐ രാധാകൃഷ്ണന്‍, ചന്ദ്രന്‍ രാജേഷ്, അജയ്, മായാദേവി, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് നൗഷാദിനെ പിടികൂടിയത്.

Content Highlights: remand accused escaped from corona cell; steals three vehicle