ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വായില്‍ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാള്‍ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം. വേല്‍മുരുകന്‍ (22) ആണ് ഗ്രാമത്തില്‍ത്തന്നെയുള്ള പതിനഞ്ചുകാരിയെ ആക്രമിച്ചത്.

കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിനി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്‍മുരുകന്‍ ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്. പിന്നീട് കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രി വിടുന്നതോടെ വേല്‍മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.