മുംബൈ: കുപ്പിയിൽ ഇന്ധനം നൽകാത്തതിൽ പ്രകോപിതനായ യുവാവ് പാമ്പിനെ പെട്രോൾ പമ്പിൽ തുറന്നുവിട്ടു. പാമ്പ് പമ്പിനുള്ളിൽ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാർ പരിഭ്രാന്തരായി. ഒടുവിൽ പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാർക്ക് ശ്വാസം നേരെവീണത്.

മുംബൈ മൽക്കാപുർ റോഡിലെ ചൗധരി പെട്രോൾ പമ്പിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പാമ്പ് പിടിത്തക്കാരനാണെന്ന് സംശയിക്കുന്ന ഒരാൾ കുപ്പിയിൽ ഇന്ധനം വാങ്ങിക്കാനാണ് എത്തിയത്. എന്നാൽ കുപ്പിയിൽ ഇന്ധനം നൽകാൻ പാടില്ലെന്ന നിർദേശമുണ്ടെന്നും ഇന്ധനം നൽകാനാവില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതോടെയാണ് തന്റെ കൈയിലുണ്ടായിരുന്ന ഒരു സഞ്ചിയുമായി പമ്പിലെ ഓഫീസ് മുറിയിലെത്തി യുവാവ് പാമ്പിനെ തുറന്നുവിട്ടത്. ശേഷം ഇയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു.

പാമ്പ് പമ്പിനുള്ളിൽ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാർ പരിഭ്രാന്തരായി. ഒടുവിൽ മറ്റൊരു പാമ്പ് പിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Content Highlights:refused to give fuel in can man throws snake in petrol pump