fr.xaviorഅങ്കമാലി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫാ. സേവ്യര്‍ തേലക്കാട്ടിന് ആറു മാസം മുമ്പ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്തം പെട്ടെന്ന് കട്ടയാവാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്. മരുന്ന് കഴിക്കുന്നതുമൂലമാണ് കുത്തേറ്റ ഭാഗത്ത്് തുണികൊണ്ട്് കെട്ടിയിട്ടും രക്തം നിലയ്ക്കാതിരുന്നത്. കുത്തേറ്റതിനെ തുടര്‍ന്ന് ഇടതു തുടയിലെ ഞരമ്പ് മുറിഞ്ഞിരുന്നു. ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴും രക്തം വാര്‍ന്നുകൊണ്ടിരുന്നു. രക്തം വാര്‍ന്നാണ് മരണം.

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റു മരിച്ചു; കപ്യാര്‍ ഒളിവില്‍

കാലടി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുരിശുമുടി തീര്‍ഥാടനപാതയില്‍ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുരിശുമുടിയിലെ മുന്‍ കപ്യാര്‍ ജോണി വട്ടേക്കാടനെ പോലീസ് തിരയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ മലയിറങ്ങിവരികയായിരുന്ന റെക്ടറെ തടഞ്ഞുനിര്‍ത്തി ജോണി കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറാം സ്ഥലത്തിനടുത്തായിരുന്നു സംഭവം. ഇടതു തുടയ്ക്കും വയറിനും മദ്ധ്യേയാണ് കുത്തേറ്റത്. കുത്തിയ ശേഷം ജോണി ഓടി രക്ഷപ്പെട്ടു.

റെക്ടറിന്റെ കൂടെയുണ്ടായിരുന്ന മനുവും പ്ളംബിങ് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളും ചേര്‍ന്നാണ് താഴെയിറക്കിയത്. മലയാറ്റൂരിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തും മുമ്പ് മരിച്ചു. രക്തം വാര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി ജോണിയെ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കപ്യാര്‍ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ചര്‍ച്ചയ്ക്കായി എത്താന്‍ ജോണിയോട് ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായി ദേവാലയ അധികൃതര്‍ അറിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12-നാണ് ജനനം. പരേതനായ പൗലോസും ത്രേസ്യയുമാണ് മാതാപിതാക്കള്‍. 1993 ഡിസംബര്‍ 27-ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹ വികാരി, തുണ്ടത്തുംകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സി.എല്‍.സി. അതിരൂപത െപ്രാമോട്ടര്‍, പി.ഡി.ഡി.പി. വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐ.ടി.സി. ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. 2016-ല്‍ എറണാകുളം ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബി. ബിരുദം നേടിയിട്ടുണ്ട്.

സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന. ബന്ധുക്കള്‍ അധികവും തലശ്ശേരിയിലാണു താമസം.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലെത്തി പ്രാര്‍ഥനാ ശുശ്രൂഷ നടത്തി. വൈദികരും വിശ്വാസികളും ഉള്‍െപ്പടെ വലിയ ജനക്കൂട്ടമാണ് സംഭവമറിഞ്ഞ് ആശുപത്രിയിലും മലയാറ്റൂര്‍ പള്ളിയിലും എത്തിയത്.

പ്രതിക്കായി വനത്തില്‍ തിരച്ചില്‍ ഊര്‍ജിതം

johny
ജോണി

കാലടി: ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി മലയാറ്റൂര്‍ മലയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഡോഗ് സ്‌ക്വാഡും തിരച്ചിലിലുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിച്ചു. ആറാം സ്ഥലത്തു വച്ച് കുത്തിയ ശേഷം താഴേയ്ക്കാണ് പ്രതി പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആ ദിശയിലാണ് അന്വേഷണം. 25 വര്‍ഷം കുരിശുമുടിയില്‍ കപ്യാരായിരുന്ന പ്രതിക്ക് മലയിലെ ഓരോ വഴിയും നിശ്ചയമാണ്. ഇയാളെ ഒന്നാം സ്ഥലത്ത് കണ്ടതായി തീര്‍ഥാടകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സംഘം അവിടം കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം നടത്തുന്നത്. ഡിവൈ.എസ്.പി. വേണുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് തിരച്ചിലിലുള്ളത്.

ഇന്ന് പൊതുദര്‍ശനം; ശവസംസ്‌കാരം നാളെ

കളമശ്ശേരി മെഡിക്കല്‍ കോേളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മൃതദേഹം മലയാറ്റൂര്‍ സെയ്ന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍.

ഞെട്ടലില്‍നിന്ന് മുക്തനാകാതെ മനു

manuകാലടി: കണ്‍മുന്നില്‍ കുത്തേറ്റു പിടഞ്ഞ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അവസാന നിമിഷങ്ങള്‍ മനുവിന്റെ മനസ്സില്‍നിന്നു മായുന്നില്ല. കുത്തേല്‍ക്കുമ്പോള്‍ റെക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നത് മനുവായിരുന്നു. ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന മലയാറ്റൂര്‍ മാടവന മനുവിനെ വ്യാഴാഴ്ച രാവിലെ മല കയറാന്‍ റെക്ടര്‍ കൂടെ കൂട്ടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് മനു വിദേശത്തുനിന്നെത്തിയത്. അതിന്റെ വിശേഷങ്ങള്‍ പറഞ്ഞ് 8.15-ഓടെ ഇരുവരും മല കയറി.
 
കുരിശുമുടിയില്‍ പ്രാര്‍ഥനയര്‍പ്പിച്ച ശേഷം അവിടെ നടക്കുന്ന നിര്‍മാണ ജോലികള്‍ നോക്കിക്കണ്ട് നിര്‍ദേശങ്ങള്‍ നല്‍കി. 11 മണിയോടെ മലയിറങ്ങാന്‍ തുടങ്ങി. അതിനിടെ റെക്ടര്‍ക്ക് മുന്‍ കപ്യാര്‍ ജോണിയുടെ ഫോണ്‍വിളി വന്നു. അച്ചന്‍ എവിടെയാണെന്നായിരുന്നു ചോദ്യം. മലയിറങ്ങിവരികയാണെന്ന് മറുപടിയും പറഞ്ഞു. ആറാം സ്ഥലത്തെത്തിയപ്പോള്‍ അവിടെ പ്ളംബിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. അവിടെ നില്‍ക്കുമ്പോഴാണ് ജോണി പെട്ടെന്ന് കയറിവന്നത്.
 
എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ പള്ളി അച്ചന്റെ തറവാട്ട് സ്വത്താണോ എന്നായിരുന്നു ജോണിയുടെ ചോദ്യം. ഇവിടെ വച്ച് സംസാരിേക്കണ്ട കാര്യമല്ല വൈകീട്ട് ഓഫീസിലേക്ക് വരൂ എന്ന് റെക്ടര്‍ മറുപടി നല്‍കി. തുടര്‍ന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ജോണിയുടെ ആക്രമണമെന്ന് മനു പറഞ്ഞു. കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തികൊണ്ട് വയറിനു താഴെയായി കുത്തി. കുത്തിയ ശേഷം അടിവാരത്തേക്ക് ഓടിപ്പോയി. തളര്‍ന്നുവീണ റെക്ടറെ താങ്ങി നിര്‍ത്തിയ ശേഷം തുണികൊണ്ട് മുറിവ് കെട്ടി. എങ്കിലും മുറിവില്‍നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. അതിനിടെ റെക്ടറുടെ ബോധം പോയി. ഛര്‍ദിക്കുകയും ചെയ്തു. ആറാം സ്ഥലത്ത് സ്ട്രെച്ചര്‍ ഉണ്ടായിരുന്നു.
 
കുത്തനെയുള്ള ഇറക്കത്തില്‍ രണ്ട് തൊഴിലാളികള്‍ മുന്നിലും പിന്നില്‍ താനും ചേര്‍ന്ന് ചുമന്ന് താെഴയിറക്കുകയായിരുന്നുവെന്ന് മനു പറഞ്ഞു. താഴെ ആംബുലന്‍സ് ഉണ്ടായിരുന്നു. അതില്‍ കയറ്റുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു - മനു പറഞ്ഞു. മലയാറ്റൂര്‍ മഹാ ഇടവകയിലെ സെബിയൂര്‍ പള്ളിയുടെ മുന്‍ ട്രസ്റ്റിയാണ് മനു. അങ്ങനെയാണ് നല്ല അടുപ്പം പുലര്‍ത്തിയിരുന്നത്.

വിശ്വസിക്കാനാവാതെ വിശ്വാസി സമൂഹം..

anakamali

അങ്കമാലി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ കുത്തേറ്റു മരിച്ചു എന്ന വാര്‍ത്ത ആദ്യം ജനം വിശ്വസിച്ചില്ല. വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴും ജനത്തിന് അത് ഉള്‍െക്കാള്ളാനായില്ല. വൈദികനെ കപ്യാര്‍ കുത്തിക്കൊല്ലുമോ എന്ന മട്ടിലായിരുന്നു ജനത്തിന്റെ ചോദ്യം. എന്നാല്‍ അത്യപൂര്‍വമായ ആ കൊലപാതകത്തിന് കുരിശുമുടി സാക്ഷ്യം വഹിച്ചു എന്ന്് പിന്നീട് ജനം വിശ്വസിക്കേണ്ടി വന്നു. കേട്ടവര്‍ കേട്ടവര്‍ അങ്കമാലി എല്‍.എഫ്. ആശുപത്രിയിലേക്ക് ഓടിയെത്തി. ആയിരക്കണക്കിനാളുകളും നിരവധി വൈദികരും കന്യാസ്ത്രീകളും അച്ചന്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആശുപത്രിയിലെത്തി. അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് അമ്മായി റോസി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആശുപത്രിയിലെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 1.15-ഓടെയാണ് ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തേറ്റ നിലയില്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. ബിഷപ്പ് മാര്‍ തോമസ് ചക്യേത്ത്, ഫൊറോന വികാരിമാരായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, വര്‍ഗീസ് പൊട്ടയ്ക്കല്‍, മാത്യു മണവാളന്‍, സെബാസ്റ്റ്യന്‍ പാലാട്ടി, സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. റൂറല്‍ എസ്.പി. എ.വി. ജോര്‍ജും സ്ഥലത്തെത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഒപ്പീസ് നടത്തി.

മടക്കം മലയാറ്റൂരിന്റെ വികസന സ്വപ്നങ്ങള്‍ ബാക്കിയാക്കി

malayatoor

കാലടി: ഏഴു വര്‍ഷം റെക്ടര്‍ പദവിയിലിരുന്ന് ഫാ. സേവ്യര്‍ തേലക്കാട്ട് അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന ഒട്ടേറെ കര്‍മപദ്ധതികള്‍ മലയാറ്റൂരില്‍ നടപ്പാക്കിയിരുന്നു. ഊര്‍ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യുമായിരുന്ന അദ്ദേഹത്തിന് ചിലപ്പോഴൊക്കെ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

മലയാറ്റൂര്‍ തീര്‍ഥാടനത്തിന് തുടക്കം കുറിച്ചതോടെ അതിന്റെ ഒരുക്കങ്ങള്‍ക്കുള്ള തിരക്കിലായിരുന്നു. എല്ലാ വര്‍ഷവും ആദ്യ മലകയറ്റത്തിന് മഹാ ഇടവക സമൂഹത്തിന്റെ മുന്‍പില്‍ ഉണ്ടാകുമായിരുന്ന അദ്ദേഹത്തിന് ഇക്കൊല്ലം അതിനു സാധിച്ചില്ല. പഠന ആവശ്യവുമായി തമിഴ്നാട്ടിലായിരുന്ന അദ്ദേഹം അന്ന് വൈകീട്ടാണ് എത്തിയത്.

മലയാറ്റൂരിന്റെ വികസന കാര്യത്തില്‍ ബുധനാഴ്ചയും റെക്ടര്‍ തന്നോട് സംസാരിച്ചിരുന്നതായി റോജി എം. ജോണ്‍ എം.എല്‍.എ. പറഞ്ഞു. തീര്‍ഥാടന കേന്ദ്രത്തിന്റെ കാര്യത്തില്‍ വലിയ ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. മലമുകളിലേക്ക് കേബിള്‍ കാര്‍ സംവിധാനം വേണമെന്നായിരുന്നു ഒടുവില്‍ സംസാരിച്ചപ്പോള്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം തീര്‍ഥാടനകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഏറ്റവും താത്പര്യമെടുത്തത് റെക്ടറായിരുന്നു. വിജയകരമായ പദ്ധതി ഇക്കൊല്ലവും നടപ്പാക്കാന്‍ തീരുമാനമെടുത്തത് കഴിഞ്ഞയാഴ്ചയാണ്. രണ്ടര ലക്ഷം രൂപ ചെലവില്‍ മലയാറ്റൂരില്‍ നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ചര്‍ച്ച ബുധനാഴ്ച തന്റെ അസാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുമായി നടത്തിയത് റെക്ടറായിരുന്നുവെന്നും എം.എല്‍.എ. പറഞ്ഞു.