ആറ്റിങ്ങല്‍: സ്വകാര്യ ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ വിലക്ക് മറികടന്ന് സ്വീകരണം നല്‍കിയ സംഭവത്തില്‍ മാമം സ്വദേശി ഡോ. രജിത്തിന്റെ വീട്ടില്‍ ആറ്റിങ്ങല്‍ പോലീസ് നോട്ടീസ് പതിച്ചു. കൊറോണ ജാഗ്രത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്നാണ് ആള്‍ക്കൂട്ടം കൊച്ചിയില്‍ രജിത്തിനു സ്വീകരണം നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് നോട്ടീസ് പതിച്ചതെന്നും രജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആറ്റിങ്ങല്‍ എസ്.എച്ച്.ഒ. വി.വി.ദിപിന്‍ പറഞ്ഞു. ഫോണ്‍നമ്പരുകള്‍ സ്വിച്ചോഫാണ്.

നോട്ടീസുമായി എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വാതിലില്‍ നോട്ടീസ് പതിച്ചത്. സമീപവാസികളെ വിവരമറിയിച്ചിട്ടുണ്ട്.

ആറ്റിങ്ങലില്‍ ആളെക്കൂട്ടി സ്വീകരണ പരിപാടി സംഘടിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ എം.പ്രദീപ് പറഞ്ഞു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയുള്‍പ്പെടെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: reception for rajith kumar in kochi airport, police placed notice in his house in attingal