ചെന്നൈ: മയിലാടുതുറൈയില്‍ ലൈംഗികപീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുത്താലം കോഴികുത്തി ഗ്രാമത്തില്‍ താമസിക്കുന്ന ഏഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആക്രമണത്തിനിരയായത്. കത്തിക്കുത്തേറ്റ ഇവരെയും ബന്ധുവിനെയും മയിലാടുതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പി. പ്രാദേശികനേതാവായ മഹാലിംഗത്തിനെതിരേയാണ് (60) പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ മക്കളടക്കം നാലുപേരാണ് അറസ്റ്റിലായത്.

കുട്ടികളെ മഹാലിംഗം ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ പേരില്‍ മഹാലിംഗത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതി വ്യാജമാണെന്നാരോപിച്ച് ഇയാളുടെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനില്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മഹാലിംഗത്തിന്റെ മക്കളായ ജവഹര്‍, സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിലര്‍ ആക്രമിക്കുകയായിരുന്നു. പത്തിലേറെപ്പേരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് മൊഴി. മഹാലിംഗത്തിന്റെ മക്കളടക്കം നാലുപേരെയാണ് പിടികൂടിയത്. മറ്റുള്ളവരെ തേടിവരികയാണെന്നും പോലീസ് അറിയിച്ചു.