ലഖ്‌നൗ: പീഡനക്കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ബലാത്സംഗ കേസിലെ പ്രതി അച്ചാമന്‍ ഉപാധ്യായ എന്നയാളാണ് ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ആഗസ്റ്റിലാണ് മകള്‍ പീഡനത്തിനിരയായതായി പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതി പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഫെബ്രുവരി 10നകം കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിതാവിനെ വെടിവെച്ചു കൊല്ലുമെന്നായിരുന്നു അച്ചാമന്റെ ഭീഷണി.
ഭീഷണിയുടെ വിവരം കുടുംബം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസിന്റെ കൃത്യവിലോപമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിക്കുകയാണ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടറടക്കം മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്.എസ്.പി. സച്ചിന്‍ പട്ടേല്‍ പറഞ്ഞു.
ആഗസ്റ്റില്‍ അച്ചാമനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രദേശങ്ങളില്‍ പ്രതി കറങ്ങിനടക്കുന്നതുണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടിയിട്ടില്ല. പ്രതിയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Rape survivor's father killed by accused in UP